വികസനത്തിന്റെ ചിറക് വിരിച്ച് നാലുചിറപ്പാലം

ആലപ്പുഴ : സംസ്ഥാനത്തെ ആദ്യ എക്‌സ്ട്രാഡോസ്ഡ് കേബിൾ സ്റ്റേയ്ഡ് പാലമായ തോട്ടപ്പള്ളി നാലുചിറ പാലം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാതയെയും ദേശീയപാത 66നെയും ബന്ധിപ്പിച്ച് പക്ഷിച്ചിറകിന്റെ ആകൃതിയിൽ നിർമ്മിച്ച പാലം ഗതാഗതത്തിനായി തുറക്കുന്നതോടെ ഇല്ലിച്ചിറയിലും നാലുചിറയിലും ഇനി വികസനം ചിറകുവിരിക്കും.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന ജി.സുധാകരൻ പ്രത്യേക താൽപ്പര്യമെടുത്താണ് നാലുചിറപ്പാലത്തിന്റെ പദ്ധതി തയ്യാറാക്കുകയും ഫണ്ട് വകയിരുത്തുകയും ചെയ്തത്. പ്രീ സ്‌ട്രെസ്ഡ് ബോക്‌സ് ഗർഡർ സാങ്കേതികവിദ്യയും കേബിൾ-സ്റ്റേയ്ഡ് ഡിസൈനും ചേർന്നുള്ള പാലമാണിത്. പ്രത്യേകതരം കമ്പികൾ ഉപയോഗിച്ച് പാലം വലിച്ച് കെട്ടുന്ന നിർമ്മാണ രീതിയാണ് കേബിൾ സ്റ്റേയ്ഡ് ഡിസൈൻ. ഈ നിർമ്മാണ രീതിയിലുള്ള പാലങ്ങളെയാണ് എക്‌സ്ട്രാ ഡോസ്ഡ് പാലങ്ങൾ എന്ന് വിളിക്കുന്നത്. വാഹനഗതാഗതം തീർത്തും ഇല്ലാതിരുന്ന തോട്ടപ്പള്ളി നാലുചിറ, ഇല്ലിച്ചിറ പ്രദേശവാസികൾ കടത്തു വള്ളത്തിന്റെ സഹായത്താൽ മറുകരയിലെത്തി കൊട്ടാരവളവിലൂടെയാണ് ദേശീയപാതയിൽ എത്തിയിരുന്നത്. ദേശീയ ജലപാതയിൽ ലീഡിംഗ് ചാനലിന് കുറുകെ കൊട്ടാരവളവ് കടത്തിന് സമീപം ദേശീയ ജലപാത മാനദണ്ഡങ്ങൾ പാലിച്ചാണ് കിഫ്ബി ധനസഹായത്താൽ പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്.
2019ൽ പാലം നിർമ്മാണം ആരംഭിച്ചു. ആദ്യം 38 കോടി രൂപയായിരുന്നു വകയിരുത്തിയിരുന്നത്. പുതുക്കിയ സാങ്കേതിക അനുമതി പ്രകാരം 60.73 കോടി രൂപയ്ക്കാണ് പാലം നിർമ്മാണം പൂർത്തിയായത്.

1. തോട്ടപ്പള്ളി സ്പിൽവേയിൽ ഗതാഗതതടസ്സം ഉണ്ടായാൽ സമാന്തര പാതയായി ഈ പാലം പ്രയോജനപ്പെടുത്താം.

2. ജലഗതാഗതം തടസ്സപ്പെടാതിരിക്കാനായി 70 മീറ്ററുള്ള സെന്റർ സ്പാനാണ് ദേശീയ ജലപാതയ്ക്ക് കുറുകെ തൂണുകളില്ലാതെ മദ്ധ്യത്തിൽ ഒരുക്കിയിരിക്കുന്നത്

3. 42 മീറ്റർ വീതമുള്ള രണ്ട് സ്പാനുകൾ, 24.5 മീറ്റർ വീതമുള്ള രണ്ട് സ്പാനുകൾ, 19.8 മീറ്റർ വീതമുള്ള രണ്ട് സ്പാനുകൾ, 12 മീറ്റർ വീതമുള്ള 17 സ്പാനുകൾ എന്നിവയുമുണ്ട്

4. കാഴ്ച്ചകൾ കാണുന്നതിന് നടപ്പാതയോട് ചേർത്ത് മദ്ധ്യഭാഗത്ത് വിപുലീകരിച്ചിട്ടുള്ള പ്രത്യേക ഭാഗം പാലത്തിന്റെ പ്രധാന ആകർഷണമാണ്

കാഴ്ചകൾ ആസ്വദിക്കാം

പാലത്തിൽ നിന്നാൽ തോട്ടപ്പള്ളി സ്പിൽവേയും തോട്ടപ്പള്ളി കടപ്പുറത്തെ സൂര്യാസ്തമയവും ലീഡിംഗ് ചാനലിലെ മനോഹരമായ കാഴ്ചകളും കാണാം.അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ ഏഴാം വാർഡ്, പുറക്കാട് പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ എന്നിവിടങ്ങളിലൂടെയാണ് പാലം കടന്നു പോകുന്നത്. ജില്ലയുടെ ഗതാഗത രംഗത്തിനൊപ്പം വിനോദസഞ്ചാരമേഖലക്കും നാലുചിറപ്പാലം മുതൽക്കൂട്ടാവും.

പാലത്തിന്റെ നീളം

458 മീറ്റർ

ആകെ വീതി

11.2 മീറ്റർ

നടപ്പാത

1.5മീറ്റർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top