തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലെ വസതിയിൽ നിന്നും സുഹൃത്ത് ഗോവർദ്ധന്റെ ബെല്ലാരിയിലെ റൊദ്ദം ജുവലറിയിൽ നിന്നുമായി 176 ഗ്രാം (22 പവൻ) സ്വർണം കണ്ടെടുത്തു.
ഇത് ശബരിമല ശ്രീകോവിലിലെ ശില്പങ്ങളിൽ നിന്നും വാതിൽപ്പടിയിൽ നിന്നും കവർന്ന രണ്ടു കിലോ (250 പവൻ) സ്വർണത്തിൽ ഉൾപ്പെട്ടതാണെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സ്വർണം കോടതിയിൽ ഹാജരാക്കും. ശബരിമലയിൽ നിന്ന് കവർന്നതാണോയെന്ന് അറിയാൻ ശാസ്ത്രീയ പരിശോധന നടത്തും. കവർന്ന സ്വർണം ആഭരണങ്ങളാക്കി മാറ്റിയെന്നും സൂചനയുണ്ട്.
സ്വർണപ്പാളികളിൽ നിന്ന് മാത്രം 478 ഗ്രാം (59.75 പവൻ) കവർന്നെന്നാണ് കണ്ടെത്തൽ. സ്മാർട്ട് ക്രിയേഷൻസിൽ വച്ച് വേർതിരിച്ച സ്വർണം ഗോവർദ്ധന് വിറ്റെന്ന് പോറ്റി മൊഴി നൽകിയിരുന്നു. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും മോഷ്ടിച്ചതാണെന്ന് അറിയാതെ പോറ്റിയിൽ നിന്ന് സ്വർണം വാങ്ങിയെന്നുമാണ് ഗോവർദ്ധന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പോയത്.
പോറ്റിയുടെ വീട്ടിലെ റെയ്ഡിൽ ബാങ്ക് രേഖകളും ഭൂമിയുടെ ആധാരങ്ങളും പിടിച്ചെടുത്തു. എസ്.ഐ.ടിക്കൊപ്പം ബംഗളൂരു പൊലീസും റെയ്ഡിൽ പങ്കെടുക്കുന്നുണ്ട്. സ്വർണം വേർതിരിച്ച ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ഇന്നലെ സന്ധ്യയോടെ പോറ്റിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. സി.ഇ.ഒ പങ്കജ് ഭണ്ഡാരിയും ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു. പണിക്കൂലിയായി നൽകിയ 109ഗ്രാം സ്വർണം പിടിച്ചെടുക്കാനും ശ്രമിക്കുന്നുണ്ട്. 30ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും.
ഇനി സ്വർണം വിറ്റ പണം
പങ്കുവച്ചവരിലേക്ക്…
സ്വർണം വിറ്റു കിട്ടിയ പണം പങ്കിട്ടത് ആരൊക്കെ എന്നത് അറിഞ്ഞാലേ പാളിയും കട്ടിളയും കൊടുത്തുവിട്ടവരും തീരുമാനം എടുത്തവരും ഉൾപ്പെട്ട ഗൂഢാലോചനയുടെ ചുരുളഴിയൂ. കൊള്ളയടിച്ച ബാക്കി സ്വർണം എവിടെ എന്നതിനും ഉത്തരം കണ്ടെത്തണം.സ്വർണം വീണ്ടെടുത്തതോടെ ഗോവർദ്ധനനെ സാക്ഷിയാക്കാനാണ് എസ്.ഐ.ടിയുടെ നീക്കം. സ്വർണം വിറ്റെന്ന് പോറ്റി എസ്.പി ശശിധരനോട് സമ്മതിച്ചിരുന്നു.
ഗാേവർദ്ധന്റെ ജുവലറിയിൽ
പൂജ നടത്തിയത് തന്ത്രി
പത്തനംതിട്ട: സ്വർണം കണ്ടെത്തിയ ഗാേവർദ്ധന്റെ ജുവലറിയുടെ ഉദ്ഘാടനത്തിന് പൂജ ചെയ്തതും ഭദ്രദീപം കൊളുത്തിയതും ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. 2023 ജൂലായ് മൂന്നിനായിരുന്നു ഉദ്ഘാടനം. വീട്ടിൽ ഭഗവതി സേവയും ഗണപതി ഹോമവും നടത്തി. ശ്രീകോവിലിന്റെ വാതിൽ മാറ്റിവയ്ക്കൽ സ്പോൺസർ ചെയ്തത് ഗോവർദ്ധനാണ്. വാതിൽ കൊണ്ടുവരുന്നതിനിടെ ഇളംപള്ളിൽ ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ അന്നത്തെ ദേവസ്വം പ്രസിഡന്റ് എ.പത്മകുമാർ ഗോവർദ്ധനെ ആദരിച്ചിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചതനുസരിച്ചാണ് പൂജ ചെയ്തത്. മറ്റൊന്നും അറിയില്ല. ഗോവർദ്ധനുമായി മുൻ പരിചയമില്ല. താൻ വരുന്നതിന് മുമ്പ് പോറ്റി ശബരിമലയിൽ സജീവമായിരുന്നു. അങ്ങനെയാണ് പരിചയമാകുന്നത്.
–തന്ത്രി കണ്ഠരര് മഹേഷ് മോഹനര്
- മുരാരി ബാബുവിന്റെ സ്വത്തിൽ വിജി.അന്വേഷണത്തിന് സാദ്ധ്യത
ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരിബാബുവിന്റെ സ്വത്തുക്കളെക്കുറിച്ച് വിജിലൻസ് അന്വേഷിച്ചേക്കും. സാധാരണ കുടുംബത്തിലാണ് മുരാരിയുടെ ജനനം.പിതാവിന് ചങ്ങനാശേരി പെരുന്നയിൽ ചെറിയ കടയായിരുന്നു.
ദേവസ്വം ബോർഡിൽ ജോലി കിട്ടിയശേഷം മുരാരി അതിസമ്പന്നനായി. ദേവസ്വം ബോർഡിലെ ജോലി കൊണ്ട് ഇത്രയും പണം സമ്പാദിക്കാനാകുമോ എന്നാവും വിജിലൻസ് അന്വേഷിക്കുക. സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം സ്വത്തുവിവരം വിജിലൻസിന് കൈമാറും.
പൊലീസ് ജോലി ഉപേക്ഷിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാരനായത്. 1994 ലാണ് പൊലീസിൽ ജോലി കിട്ടിയത്. കോൺസ്റ്റബിളായി കണ്ണൂരിലായിരുന്നു പരിശീലനം. അതു പൂർത്തിയാക്കിയില്ല. 1997ലാണ് ദേവസ്വം ബോർഡിൽ ജീവനക്കാരനായത്. ബോർഡിൽ ഉയർന്ന പദവിയിലിരുന്നയാളുടെ സഹായിയായാണ് തുടക്കം. പിന്നീട് ഏറ്റുമാനൂർ ക്ഷേത്രത്തിൽ ക്ലർക്കായി സ്ഥിരനിയമനം നൽകി. വൈക്കം, ഏറ്റുമാനൂർ, തിരുനക്കര ഉത്സവങ്ങൾക്ക് ‘സ്പെഷൽ ഓഫിസർ’ തസ്തികയിൽ പ്രവർത്തിച്ചു. മൂന്നു ക്ഷേത്രങ്ങളിലും ഉത്സവത്തിന് ആനകളെ കരാറെടുക്കുന്നതിൽ ക്രമക്കേടു നടത്തിയതായി പിന്നീട് കണ്ടെത്തി.
സ്വർണക്കൊള്ള നടന്ന
വേളയിൽ വീടുപണി
2019ലാണ് മുരാരി ആഡംബരവീട് നിർമ്മിച്ചത്. ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയായി. ശബരിമലയിൽ സ്വർണക്കൊള്ള നടന്നതും ഈ കാലഘട്ടത്തിലാണ്. സ്വർണപ്പാളി ചെമ്പാണെന്ന രേഖ ആദ്യം തയാറാക്കിയതു മുരാരി ബാബുവാണ്. താൻ എഴുതി നൽകിയാൽ മാത്രം കാര്യങ്ങൾ തീരുമാനമാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമൊക്കെ അനുമതി നൽകാതെ ഒരു പ്രവൃത്തിയും നടക്കില്ലെന്നുമാണു മുരാരിയുടെ മൊഴി.
സ്വർണക്കൊള്ളക്കേസിൽ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലാണ് മുരാരി. കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ സമ്പത്തിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാനാവും
മുരാരി ബാബുവിനെ 28ന്
ഹാജരാക്കണമെന്ന് കോടതി
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ദേവസ്വം ബോർഡ് മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ 28ന് ഹാജരാക്കണമെന്ന് റാന്നി ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി നിർദ്ദേശം. പ്രതിയെ 29ന് മുമ്പ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പ്രത്യേക അന്വേഷണസംഘം കോടതിയിൽ പ്രൊഡക്ഷൻ വാറന്റ് സമർപ്പിച്ചിരുന്നു. സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട രണ്ടു കേസിലും ഇയാൾ പ്രതിയാണ്. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികളെ ചെമ്പുപാളിയെന്ന് ബോധപൂർവം മഹസറിൽ രേഖപ്പെടുത്തിയത് മുരാരിയാണ്. സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികൾ പുറത്തേക്കു കൊണ്ടുപോയ കേസിലും ഇയാൾ പ്രതിയാണ്. രണ്ടു കേസിലെയും ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി കാലാവധി 30 വരെയാണ്.
ശബരിമല:ഡി.ജി.പി തേടിയത് 50ലക്ഷം,
അനുവദിച്ചത് 8ലക്ഷം
തിരുവനന്തപുരം:ശബരിമല ഉത്സവകാലത്തെ അപ്രതീക്ഷിത ചെലവുകൾക്കായി 50ലക്ഷം രൂപ അനുവദിക്കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടെങ്കിലും സർക്കാർ അനുവദിച്ചത് 8 ലക്ഷം. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്ക് നാല് ലക്ഷവും കോട്ടയം, ഇടുക്കി ജില്ലാ പൊലീസ് മേധാവിമാർക്ക് 2ലക്ഷം വീതവുമാണ് അനുവദിച്ചത്. അടിയന്തര ഘട്ടങ്ങളിലേ ഉപയോഗിക്കാവൂ വ്യവസ്ഥയോടെയാണിത്. കഴിഞ്ഞ തീർത്ഥാടന കാലത്ത് ആംബുലൻസ്,റിക്കവറി വാൻ എന്നിവയുടെ വാടക ഒഴികെയുള്ള ചെലവുകൾ ക്രമപ്രകാരമല്ലെന്നും സർക്കാർ കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ബാദ്ധ്യതയായി കണക്കാക്കി തുടർനടപടിയെടുക്കാനാണ് ഡി.ജി.പിക്കുള്ള നിർദ്ദേശം.
