അങ്കമാലിയിൽ പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി

അങ്കമാലി: ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കറുകുറ്റി ചീനി കരിപ്പാലയിൽ ആറാട്ട് പുഴക്കടവിൽ ആന്റണിയുടെയും റൂത്തിന്റെയും മകൾ ഡൽന മരിയ സാറയാണ് കൊല്ലപ്പെട്ടത്. റൂത്തിന്റെ മാതാവ് റോസിയാണ് കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നു. ഇവരെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച റോസിയെ പൊലീസ് നിരീക്ഷണത്തിൽ മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിശദമായ അന്വേഷണത്തിന് ശേഷമേ അറസ്റ്റിലേക്ക് കടക്കൂവെന്ന് പൊലീസ് പറഞ്ഞു.

ഡൽനയുടെ സഹോദരൻ ഡാനിയുടെ (4) പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കം നടക്കവേ, ഇന്നലെ രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. ആന്റണിയും റൂത്തിന്റെ പിതാവ് ദേവസിക്കുട്ടിയുമെല്ലാം വീട്ടിലുണ്ടായിരുന്നു. കുഞ്ഞിനെ അമ്മയുടെ അടുത്തു കിടത്തി റൂത്ത് അടുക്കളയിൽ ഭക്ഷണം എടുക്കാൻ പോയി. മുറ്റത്തുണ്ടായിരുന്ന ആന്റണി കുഞ്ഞിന്റെ കരച്ചിൽ കേട്ട് മുറിയിൽ എത്തിയപ്പോൾ ചോരയിൽ കുളിച്ചനിലയിലാണ് കുഞ്ഞിനെ കണ്ടത്. കഴുത്തിൽ മുറിവേറ്റ നിലയിലായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടറാണ് പൊലീസിനെ വിവരം അറിയിച്ചത്.

”കുഞ്ഞ് ചോരയിൽ കുളിച്ച് കിടക്കുകയായിരുന്നു. വീണതോ മറ്റോ ആണെന്നാണ് കരുതിയത്. വണ്ടിയെടുത്ത് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഒമ്പതര ആയപ്പോൾ മരിച്ചെന്ന് അറിഞ്ഞു,”” ആശുപത്രിയിൽ കൊണ്ടുപോയ അയൽവാസി പറഞ്ഞു.

പൊലീസ് പരിശോധനയിൽ റോസിയുടെ മുറിയിൽ കത്തി കണ്ടെത്തി. മാനസികാസ്വാസ്ഥ്യമുള്ളതായി വീട്ടുകാർ മൊഴി നൽകിയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. നില മെച്ചപ്പെടുന്ന മുറയ്‌ക്ക് ചോദ്യംചെയ്യും.

വിരലടയാള, ഫോറൻസിക് വിദഗ്ദ്ധർ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. ഡിവൈ.എസ്.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടം ഇന്ന് കളശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. ചെല്ലാനം സ്വദേശിയാണ് ആന്റണി. കുടുംബത്തിനൊപ്പം മാസങ്ങളായി ചീനിയിലാണ് താമസം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top