തണുത്ത തറയിൽ കിടത്തി, അവജ്ഞയോടെ പെരുമാറിവേണുവിന്റെ ഭാര്യ

കൊല്ലം: ചവറ പന്മന സ്വദേശി വേണുവിന് പ്രോട്ടോക്കോൾ പ്രകാരമുള്ള ചികിത്സ ലഭ്യമാക്കിയെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ ആവർത്തിച്ച് പറയുമ്പോൾ ഭാര്യ സിന്ധുവിന്റെ ഉള്ള് പിടയുകയാണ്. തന്നെയും രണ്ട് പെൺമക്കളെയും അനാഥരാക്കിയ ആശുപത്രിയിലെ അനാസ്ഥകളും ക്രൂരതകളും സിന്ധു അക്കമിട്ട് പറയുന്നു.

1. കൃത്യമായി പരിശോധിച്ചില്ല

ജില്ലാ ആശുപത്രിയിൽ നിന്ന് അടിയന്തര ആൻജിയോഗ്രാം നിർദ്ദേശിച്ചുള്ള റിപ്പോർട്ടുമായി ചെന്നിട്ടും മെഡിക്കൽ കോളേജിൽ ശനിയാഴ്ച രാത്രി സാധാരണ വാർഡിലേക്കാണ് മാറ്റിയത്. അന്നുരാത്രി അവിടെ തണുത്ത തറയിലാണ് കിടന്നത്. വേണുവിന്റെ ആരോഗ്യസ്ഥിതി കൃത്യമായി പരിശോധിക്കാൻ അന്നുരാത്രി കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്ന ഡോക്ടർമാർ തയ്യാറായില്ല.

2. ചികിത്സാ വിവരങ്ങൾ പറഞ്ഞില്ല

തിങ്കളാഴ്ച രാവിലെ മാത്രമാണ് കാർഡിയോളജിസ്റ്റ് വേണുവിനെ പരിശോധിച്ചത്. ബുധനാഴ്ചയോ വെള്ളിയാഴ്ചയോ ആൻജിയോഗ്രാം നടത്താമെന്നാണ് പറഞ്ഞത്. അതിനുള്ള സമയം കഴിഞ്ഞുപോയെന്ന ഇപ്പോഴത്തെ വാദമൊന്നും അപ്പോൾ പറഞ്ഞിരുന്നില്ല. ബുധനാഴ്ചത്തെ ആൻജിയോഗ്രാമിന്റെ പട്ടികയിൽ പേരില്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോൾ ബെഡ് ഒഴിവില്ലെന്നാണ് പറഞ്ഞത്. ഡോക്ടർമാർ മിന്നായം പോലെയാണ് വാർഡിൽ വന്നുപോയിരുന്നത്. ചൊവ്വാഴ്ച നല്ല വേദന ഉണ്ടെന്ന് പറഞ്ഞപ്പോൾ മാത്രമാണ് പുതിയ മരുന്ന് കുറിച്ചത്. കാർഡിയോളജിസ്റ്റ് ഒരു തവണ മാത്രമാണ് വേണുവിനെ നോക്കിയത്. ബാക്കി പരിശോധന നടത്തിയതെല്ലാം വാർഡ് ഡ്യൂട്ടി ഡോക്ടർമാരാണ്. ക്രിയാറ്റിൻ ലെവൽ 1.6 മാത്രമായിരുന്നു. ആ റിപ്പോർട്ട് പരിശോധിക്കാതെയാണ് ഇപ്പോൾ ക്രിയാറ്റിന്റെ അളവ് കൂടുതലായിരുന്നുവെന്ന് പറയുന്നത്. മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പാണ് എക്കോ എടുക്കാൻ പറഞ്ഞത്.

3. വീൽചെയർ പിടിക്കാനും ആളില്ല
ശനിയാഴ്ച രാത്രി വാർഡിലേക്ക് മാറ്റുമ്പോൾ വേണു തീരെ അവശനായിരുന്നു. തന്റെ കൈയിൽ വസ്ത്രങ്ങളടങ്ങിയ ബാഗും സഞ്ചിയുമൊക്കെ ഉണ്ടായിരുന്നു. വീൽചെയർ എടുക്കാൻ പോകാനായി അവ പിടിക്കുമോയെന്ന് യൂണിഫോമിട്ടയാളോട് ചോദിച്ചപ്പോൾ അത് തന്റെ ജോലിയല്ലെന്നാണ് പറഞ്ഞത്. അറ്റൻഡർമാർ കറങ്ങിത്തിരിഞ്ഞ് നടക്കുന്നുണ്ടായിരുന്നെങ്കിലും തൊട്ടടുത്ത ദിവസം ഒ.പിയിലേക്ക് മാറ്റിയപ്പോഴും താനാണ് വേണുവിന്റെ വീൽചെയർ തള്ളിയത്.

4. മനുഷ്യത്വമില്ലാത്ത പെരുമാറ്റം

ഞായറാഴ്ച വേണുവിന് തലവേദന എടുക്കുന്നുവെന്ന് പറഞ്ഞപ്പോൾ നഴ്സുമാരോട് അക്കാര്യം പറഞ്ഞു. ഡോക്ടർ പറയാതെ മരുന്നൊന്നും തരാൻ കഴിയില്ലെന്ന മനുഷ്യത്വമില്ലാത്ത മറുപടിയാണ് നൽകിയത്. വേണുവിന്റെ ചുണ്ടും കൈയുമെല്ലാം വിറച്ചുതുടങ്ങിയതിന് പിന്നാലെ ചെന്നു പറഞ്ഞപ്പോഴാണ് ഡോക്ടറെ വിളിച്ചത്. അറ്റൻഡർമാരുടെ പെരുമാറ്റവും ഇങ്ങനെയായിരുന്നു. ഒരു സഹായത്തിനും ആരുമുണ്ടായിരുന്നില്ല. എല്ലാവർക്കും അവജ്ഞയായിരുന്നു. എല്ലായിടത്തും വീൽചെയറിൽ തള്ളിക്കൊണ്ടുപോയത് താനാണ്. ബുധനാഴ്ച നെഞ്ചുവേദന രൂക്ഷമായപ്പോൾ വേണുവിനെ ഐ.സി.യുവിലേക്ക് ട്രോളിയിൽ തള്ളിക്കൊണ്ടുപോയതും താനാണ്

മെഡി.കോളേജിൽ ചികിത്സ കിട്ടാതെ മരണം രോഗികളോട് കാരുണ്യത്തോടെ പെരുമാറുന്നില്ല,​ തിരുത്തൽ വേണം ചികിത്സ വൈകിയില്ലെന്ന് വിലയിരുത്തൽ പ്രാഥമിക റിപ്പോർട്ട് ഉടൻ കൈമാറും

തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികളോട് കാരുണ്യത്തോടെ പെരുമാറാൻ പലപ്പോഴും ചില ജീവനക്കാർക്ക് കഴിയുന്നില്ലെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ നിരീക്ഷണം. ഇത് ആശുപത്രിയെക്കുറിച്ച് തെറ്റായ ധാരണ രോഗിയിലും കൂട്ടിരിപ്പുകാരിലും ഉണ്ടാക്കുന്നു. ഇക്കാര്യങ്ങളിൽ ജീവനക്കാർ ജാഗ്രത പുലർത്തണമെന്ന പൊതുവികാരമുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ കൊല്ലം പന്മന സ്വദേശി വേണു മരിച്ച സംഭവത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വിലയിരുത്തൽ.

അതേസമയം, നെഞ്ചു വേദനയുമായെത്തിയ വേണുവിന് ചികിത്സ ലഭിച്ചില്ലെന്ന പരാതിയിൽ കഴമ്പില്ലെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി സൂചനയുണ്ട്. കാഷ്വാലിറ്റിയിലെത്തിയ രോഗിയെ വാർഡിലേക്ക് മാറ്റിയതിന് പിന്നാലെ ഹൃദ്രോഗികൾക്ക് നൽകുന്ന രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഹെപ്പാരിൻ മരുന്ന് നൽകി. ആവശ്യമായ പരിശോധനകൾ നടത്തി. നെഞ്ചുവേദനയുണ്ടായി 24 മണിക്കൂറിന് ശേഷമാണ് രോഗിയെത്തിയത്. ഈ സാഹചര്യത്തിലെടുക്കേണ്ട നടപടികൾ സ്വീകരിച്ചെന്നും കാർഡിയോളജി ഡോക്ടർമാർ വിശദീകരിച്ചു.

നൽകിയ മരുന്നുകളുടെ വിവരങ്ങളടക്കം കാർഡിയോളജി മേധാവി മാത്യു ഐപ്പ് കൈമാറി. റിപ്പോർട്ട് ഉടൻ ആരോഗ്യമന്ത്രിക്ക് ഡി.എം.ഇ വിശ്വനാഥൻ നൽകും. യൂണിഫോമിട്ടവർ നായയെ നോക്കുന്ന പരിഗണനപോലും നൽകുന്നില്ലെന്ന് മരിക്കുന്നതിന് മുമ്പ് വേണു പറയാനിടയായ സാഹചര്യത്തെക്കുറിച്ച് ആശുപത്രിയിൽ തിരുത്തൽ വേണമെന്ന വിലയിരുത്തലും റിപ്പോർട്ടിലുണ്ടാകുമെന്നാണ് സൂചന.

10- 20% വരെ

മരണസാദ്ധ്യത

ഹൃദയാഘാതത്തിന് എന്തുചികിത്സ നൽകിയാലും 10-20% വരെ മരണം സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്ന് കാർഡിയോളജി മേധാവി ഡോ.മാത്യു ഐപ്പ്. എല്ലാ രോഗികളും ഞങ്ങൾക്ക് ഒരുപോലെയാണ്. ഈ മാസം ഒന്നിനാണ് വേണു ആശുപത്രിയിൽ എത്തിയത്. കാർഡിയോളജി വിഭാഗത്തിലെ ഡോക്ടറാണ് കാഷ്വാലിറ്റിയിൽ കണ്ടത്. ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചു. വേദന തുടങ്ങി 24 മണിക്കൂറിനു ശേഷമെത്തിയതിനാൽ പ്രാഥമിക ആൻജിയോപ്ലാസ്റ്റി നൽകാൻ സാധിച്ചില്ല. മറ്റ് മരുന്നുകൾ നൽകി. ബുധനാഴ്ച വൈകിട്ട് ഹാർട്ട് ഫെയിലിയർ ഉണ്ടായി. മികച്ച ചികിത്സയാണ് നൽകിയത്. വീഴ്ച വരുത്തിയിട്ടില്ല.

മുഖ്യമന്ത്രിക്ക് പരാതി

വേണുവിന്റെ ശബ്ദസന്ദേശത്തിലെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ അഡ്വ. കുളത്തൂർ ജയ്സിംഗ് മുഖ്യമന്ത്രിക്ക് പരാതി നൽകി. പരാതി ഡി.ജി.പിക്കും ആരോഗ്യവകുപ്പിനും കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top