ഹോസ്റ്റലിൽ കുടിവെള്ളം പോലും നിഷേധിക്കുന്നു
ഒരു മുറിയിൽ താമസിക്കുന്നത് 12 മുതൽ 18 വരെ വിദ്യാർത്ഥികൾ
തൊടുപുഴ: ഇടുക്കി ഗവ. നഴ്സിങ് കോളേജിലെ വിദ്യാർത്ഥികൾക്ക് കോളേജിലും ഹോസ്റ്റലിലും ഒരുപോലെ നരകജീവിതമെന്ന് രക്ഷിതാക്കൾ. താത്കാലിക ഹോസ്റ്റലിൽ കുട്ടികൾക്ക് ആവശ്യത്തിന് ആവശ്യത്തിന് ഭക്ഷണമോ എന്തിന് കുടിവെള്ളം പോലും നിഷേധിക്കുന്നുവെന്നാണ് ആരോപണം. എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ഉൾപ്പെടെ വാഗ്ദാനം നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്നും വാഗ്ദാനലംഘനത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും പി.ടി.എ ഭാരവാഹികളും ഒരാഴ്ചയ്ക്കകം അനിശ്ചിതകാല നിരഹാര സമരം നടത്തുമെന്നും രക്ഷിതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കോളേജ് തുടങ്ങിയപ്പോൾ ജില്ലാ ഭരണകൂടം ഹോസ്റ്റലായി ഏറ്റെടുത്ത് നൽകിയത് ഒരു സ്‌കൂളാണ്. ഇതിലെ ഒരു ക്ലാസ് മുറിയിൽ 12 മുതൽ 18 വരെ വിദ്യാർത്ഥികളാണ് താമസിക്കുന്നത്. ഒരു സി.പി.എം പഞ്ചായത്തംഗമാണ് ഹോസ്റ്റൽ മെസ് നടത്തുന്നത്. തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ് നൽകുന്നത്. കുട്ടികൾ സമരം നടത്തിയതിയോടെ ഭക്ഷണം കൂടുതൽ മോശമായി. ഇതോടെ 50 കുട്ടികൾ പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് തുടങ്ങി. ഇവർക്ക് ഇപ്പോൾ നല്ല കുടിവെള്ളം നൽകുന്നില്ല. പൈപ്പ് വെള്ളം മാത്രമാണ് ആശ്രയം. ഹോസ്റ്റൽ നടത്തിപ്പുകാരനെ വിളിച്ചിട്ട് എടുക്കുന്നില്ല. വിദ്യാർത്ഥികൾ സൂചനാസമരം നടത്തിയതിന് പിന്നാലെ മെഡിക്കൽ വിദ്യാർത്ഥികളുടെ പൈനാവിലെ പഴയ ഹോസ്റ്റൽ വിദ്യാർത്ഥികൾക്ക് വിട്ടുനൽകാൻ ഡി.എം.ഇയുടെ നിർദേശം നൽകി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇതുവരെയും അതിന് തയ്യാറായിട്ടില്ല. കഴിഞ്ഞ മാസം വിദ്യാർത്ഥികളും പി.ടി.എയും അനിശ്ചിതകാല സമരം തുടങ്ങി. കളക്ടർ ഇടപെട്ട് പൈനാവിലെ ഹോസ്റ്റൽ പെൺകുട്ടികൾക്ക് അനുവദിക്കുന്നതിനും എഫ് ടൈപ്പ് ക്വാർട്ടേഴ്സുകൾ ആൺകുട്ടികൾക്ക് നൽകുന്നതിനും തീരുമാനിച്ചിരുന്നു. അതും നടപ്പാക്കാത്തതിനെ തുടർന്നാണ് സമരത്തിന് ഒരുങ്ങുന്നത്. മൂന്നാം വർഷ വിദ്യാർത്ഥികൾ ഇപ്പോൾ സ്വകാര്യ ഹോസ്റ്റലുകളും മറ്റുമാണ് താമസിക്കുന്നത്. വാർത്താസമ്മേളനത്തിൽ പി.ടി.എ വൈസ് പ്രസിഡന്റ് ജോൺ മാത്യു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പി.ആർ. രാജിമോൾ, വി.കെ. സലിംകുമാർ, പി.എസ്. ഷീജാമോൾ, കെ.എസ്. ബേബി എന്നിവർ പങ്കെടുത്തു.
പഠിക്കാൻ
ഒരു ക്ലാസ് മുറി മാത്രം
2023 നവംബർ ഒന്നിനാണ് ഇടുക്കി ഗവ. നഴ്സിങ് കോളേജ് തുടങ്ങിയത്. ഈ വർഷം പുതിയ ബാച്ച് കൂടി വന്നതോടെ മൂന്ന് ബാച്ചുകളിലായി നൂറ്റിയെമ്പതോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. എന്നാൽ, പഠന സൗകര്യങ്ങൾ ഒന്നും കോളേജിലില്ല. മെഡിക്കൽ വിദ്യാർത്ഥികളുടെ പഴയൊരു ക്ലാസ് റൂം മാത്രമാണുള്ളത്. രണ്ട് ബാച്ചുകൾ ഐസൊലേഷൻ വാർഡിലും ഗൈനക്കോളജി വാർഡിലുമാണ് ഇരുന്ന് പഠിക്കുന്നത്. സ്‌കൂൾ ബസിന് തുക അനുവദിച്ചെങ്കിലും അതും ഇതുവരെ വാങ്ങിയിട്ടില്ല. ക്ലിനിക്കൽ പ്രാക്ടീസിന് കോട്ടയം മെഡിക്കൽ കോളേജിൽ പോകണം.
സിവി. വർഗീസ്
സൂപ്പർ കളക്ടറെ പോലെ
സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് സൂപ്പർ കളക്ടറെ പോലെയാണ് പെരുമാറുന്നത്. പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞ് അദ്ദേഹം കൂടെ നിൽക്കുമെങ്കിലും ഒരു ശ്രമവുമുണ്ടായില്ല. പ്രശ്ന പരിഹാരത്തിന് ജില്ലാ കളക്ടർ ഇടപെട്ട് തീരുമാനങ്ങൾ എടുത്തെങ്കിലും തുടർനടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം പുതിയ ബാച്ചിന്റെ ഉദ്ഘാടന വേളയിൽ മന്ത്രി റോഷി അഗസ്റ്റിൻ നേരിട്ട് സന്ദർശനം നടത്തി പ്രശ്നം പരിഹരിക്കുമെന്ന് പറഞ്ഞു. ഇപ്പോൾ പുറകെ നടന്നിട്ടും തിരിഞ്ഞു നോക്കുന്നില്ല. ഡീൻ കുര്യാക്കോസ് എം.പിയ്ക്ക് ആറോളം നിവേദനങ്ങൾ നൽകി. ഒരു കാര്യവുമുണ്ടായില്ല.
