ത്രിവേണി സംഗമം തൂക്കുപാലം: അവഗണനയിലായ വികസനസ്വപ്നം

മൂവാറ്റുപുഴ: കാൽനൂറ്റാണ്ടുമുമ്പ് മൂവാറ്റുപുഴ നഗരസഭയിൽ ഇടതുപക്ഷം വിഭാവനം ചെയ്ത പദ്ധതിയായിരുന്നു ത്രിവേണിസംഗമം തൂക്കുപാലം. പുരാതനവാണിജ്യനഗരമായ മൂവാറ്റുപുഴയിലെ കാവുംകര, പുഴക്കരക്കാവ്, കിഴക്കേക്കര എന്നീ മൂന്നുകരകളെ ബന്ധിപ്പിച്ച് തൂക്കുപാലം നിർമ്മിക്കുന്നതിനായിരുന്നു പദ്ധതിതയ്യാറാക്കിയത്. എം.എ. സഹീർ മുനിസിപ്പൽ ചെയർമാനായിരുന്ന 2000-2005 കാലത്ത് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആദ്യഘട്ടത്തിൽ 49ലക്ഷംരൂപ അനുവദിച്ച് ടെൻഡർ നടപടികളിലേക്ക് കടന്നതാണ്. എന്നാൽ പിന്നീട് പദ്ധതി നടപ്പിലായില്ല. നഗരസഭ ബഡ്‌ജറ്റ് പുസ്തകത്തിന്റെ കവർപ്പേജിൽവരെ ത്രിവേണിസംഗമം തൂക്കുപാലത്തിന്റെ രൂപരേഖ അച്ചടിക്കുകയും ചെയ്തിരുന്നു.

യു.ഡി.എഫ് ഭരണസമിതിയും വാഗ്ദാനം ആവർത്തിച്ചെങ്കിലും നഗരത്തിന്റെ സ്വപ്നപദ്ധതി യാഥാർത്ഥമായില്ല. നിലവിലുള്ള യു.ഡി.എഫ് ഭരണസമിതി ത്രിവേണിസംഗമം തൂക്കുപാലം അവഗണിച്ച് ലതാപാർക്കും പേട്ടയും ബന്ധിപ്പിച്ച് പുതിയതൂക്കുപാലം നിർമ്മിക്കുന്നതിന് നടപടി സ്വീകരിച്ചു.

ഈ തിരഞ്ഞെടുപ്പിൽ മുന്നണികൾ ത്രിവേണിസംഗമം തൂക്കുപാലം സംബന്ധിച്ച് എന്ത് നിലപാട് സ്വീകരിക്കുമെന്ന കാത്തിരി​പ്പി​ലാണ് പ്രദേശവാസി​കൾ.

ടൂറിസം മേഖലയ്ക്ക് കരുത്താകും

1 കോതമംഗലം, കാളിയാർ, തൊടുപുഴയാർ എന്നീ മൂന്നു നദികൾ സംഗമിക്കുന്ന ഭാഗത്ത് മൂന്ന് ആരക്കാലുകളുള്ള തൂക്കുപാലം നിർമ്മിച്ച് മൂവാറ്റുപുഴയെ ടൂറിസം ഇടത്താവളമാക്കി വളർത്തുകയായിരുന്നു ലക്ഷ്യം

2 തൂക്കുപാലത്തോട് അനുബന്ധിച്ച് റെസ്റ്റോറന്റ്, മിനി ഷോപ്പിംഗ് മാൾ, മൂവാറ്റുപുഴയാറിൽ തടയണകെട്ടി ബോട്ട് സർവീസ്, മുനിസിപ്പൽ പാർക്കിൽ റോപ്‌വേ, ഉല്ലാസബോട്ടുയാത്ര തുടങ്ങിയവയും പ്രോജക്ടിൽ ഉൾപ്പെടുത്തിയിരുന്നു.

3 ത്രിവേണിസംഗമം തൂക്കുപാലം യാഥാർഥ്യമായിരുന്നെങ്കിൽ നഗരവികസനത്തിൽ പിന്നാക്കമായിരുന്ന കാവുകരയുടെ മുഖച്ഛായതന്നെ മാറുമായിരുന്നു

4 കാവുംകര, പുരാതനമായ പുഴക്കരക്കാവ് ദേവീക്ഷേത്രം, കിഴക്കേക്കര ഭാഗങ്ങളിലേക്ക് ജനങ്ങൾക്ക് അതിവേഗം കാൽനടയായി എത്തുന്നതിനും വ്യാപാരപുരോഗതിക്കും സാദ്ധ്യതയേറെയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top