ശബരിമലയിൽ ഭക്തജനത്തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിൽ സ്പോട്ട് ബുക്കിംഗ് ക്വാട്ട തിങ്കളാഴ്ച വരെ 5,000 ആയി കുറച്ച് ഹൈക്കോടതി. 20,000 പേരെ അനുവദിച്ചിരുന്ന സ്ഥാനത്താണിത്. തിരക്ക് സംബന്ധിച്ച് സ്പെഷ്യൽ കമ്മിഷണർ നൽകിയ റിപ്പോർട്ടിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഏകോപനം പാളിയെന്ന് കോടതി കുറ്റപ്പെടുത്തി.
വെർച്വൽ ക്യൂ ബുക്കിംഗ് ക്വാട്ട തത്കാലം 70,000 ആയി തുടരും. അടുത്ത ഏതാനും ദിവസത്തെ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിലാണിത്. വെർച്വൽ ക്യൂ ബുക്ക് ചെയ്ത ദിവസത്തെ ടിക്കറ്റുമായി വരുന്നവരെ മാത്രമേ പമ്പയിൽ നിന്ന് കടത്തിവിടാവൂ. ടിക്കറ്റിൽ പറയുന്ന സമയത്തിന് ആറ് മണിക്കൂർ മുമ്പ് മുതൽ പമ്പയിൽ നിന്ന് കടത്തിവിടാം. ടോക്കണിൽ പറയുന്ന സമയത്തിന് 18 മണിക്കൂറിനു ശേഷമാണ് എത്തുന്നതെങ്കിൽ കടത്തിവിടരുത്.
മിനിട്ടിൽ 80 പേർ പതിനെട്ടാം പടി കയറണം.
പൊലീസ് തിടുക്കത്തിൽ പിടിച്ചുപൊക്കുന്നത് ഇഷ്ടപ്പെടാത്തവരുമുണ്ട്. ഇതെല്ലാം ഭക്തരുടെ മനസുമടുപ്പിക്കും. കാര്യക്ഷമമായ നടപടി വേണം.
കാനനപാതയിലൂടെ എത്തുന്ന തീർത്ഥാടകർക്കും വനംവകുപ്പിന്റെ നിയന്ത്രണം വേണം. ഹർജി നാളെ വീണ്ടും പരിഗണിക്കും. തിരക്ക് നിയന്ത്രിക്കാൻ ശാസ്ത്രീയ സമീപനമാണ് വേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു.
നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശം മേഖലകളായി തിരിച്ച് വിസ്തീർണവും ആളുകളെ ഉൾക്കൊള്ളിക്കാനുള്ള ശേഷിയും വിലയിരുത്തണം. തുടർന്ന് ചുമതലപ്പെട്ട വകുപ്പുകൾ കൂട്ടായി പരിഹാരമുണ്ടാക്കണം. വിശദാംശങ്ങൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉടൻ കോടതിയെ അറിയിക്കണം.
പറഞ്ഞതൊന്നും പാലിച്ചില്ല;
ദുരന്തത്തിനിടയാക്കും
ആൾക്കൂട്ട നിയന്ത്രണവുമായി ബന്ധപ്പെട്ട് അധികൃതർ പലതും പറഞ്ഞതല്ലാതെ ഒന്നും നടന്നില്ലെന്ന് കോടതി വാക്കാൽ വിമർശിച്ചു. സാധാരണ ഉത്സവക്കമ്മിറ്റിക്കാരെ പോലെയല്ല കാര്യങ്ങൾ നടത്തേണ്ടത്. തീർത്ഥാടകരെ തിക്കിത്തിരക്കി കയറ്റുന്നതെന്തിനാണ്?
ഇത് മറ്റൊരു ദുരന്തത്തിന് വഴിവയ്ക്കും. ഏകോപനം പാളിയിരിക്കുകയാണ്. ഒരുക്കങ്ങൾ ആറുമാസം മുമ്പേ തുടങ്ങേണ്ടതായിരുന്നു.
കുട്ടികളടക്കം തിരക്കിൽ വീർപ്പുമുട്ടിയാണ് ദർശനത്തിന് കാത്തുനിൽക്കുന്നത്. അരുതാത്തതൊന്നും സംഭവിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു.
പ്രാഥമിക ആവശ്യങ്ങൾക്ക് വൃത്തിയുള്ള ടോയ്ലെറ്റുകളുമില്ല. രാസ കുങ്കമത്തിന്റെ വിൽപ്പന തടഞ്ഞ സാഹചര്യത്തിൽ ശുചീകരണത്തിന് കുത്തകപ്പാട്ടമെടുക്കാൻ ആളില്ല. മണിക്കൂറുകൾ വരി നിൽക്കുന്നവർക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടാൽ ചുറ്റിനും കാടല്ലേ, എവിടേയും പോയെന്നു വരാം.
“തിരക്കുമൂലം ദർശനം നടത്താൻ കഴിയാതെ മാല ഊരി വ്രതം മുറിക്കേണ്ടിവന്ന ഭക്തരോട് മാപ്പ് ചോദിക്കുന്നു.
കഴിഞ്ഞ ദിവസമുണ്ടായ തിരക്ക് ആവർത്തിക്കില്ല.“
-കെ.ജയകുമാർ
തിരുവിതാംകൂർ ദേവസ്വം
ബോർഡ് പ്രസിഡന്റ്
ശബരിമലയിലെ തിരക്ക്: യോഗം വിളിക്കാൻ മന്ത്രിക്ക് അനുമതി
വിപുലമായ വിദഗ്ദ്ധ സമിതി
രൂപീകരിക്കാൻ നിർദേശം
കൊച്ചി: ശബരിമലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പുകളുടെ യോഗം വിളിക്കാൻ ദേവസ്വം മന്ത്രിക്ക് ഹൈക്കോടതി അനുമതി നൽകി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ ഇക്കാര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. അതേസമയം, മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനുള്ള നിയന്ത്രണം തുടരും.
ദേവസ്വം ബോർഡിന് മാത്രമായി തിരക്ക് നിയന്ത്രിക്കാനാകാത്തതിനാൽ ‘ശബരിമല ഇൻഫ്രാസ്ട്രക്ചർ ആൻഡ് ക്രൗഡ് മാനേജ്മെന്റ് എക്സ്പെർട്ട് കമ്മിറ്റി’ക്ക് ദേവസ്വം ബോർഡ് രൂപം നൽകണം. ട്രാൻസ്പോർട്ട്, എൻജിനിയറിംഗ്, അർബൻ ആൻഡ് റീജിയണൽ പ്ലാനിംഗ്, സിവിൽ എൻനിയറിംഗ്, ഡിസാസ്റ്റർ ആൻഡ് ക്രൗഡ് സയൻസ്, എൻവയൺമെന്റൽ സയൻസ്, പൊതുജനാരോഗ്യം, ഐ.ടി വിദഗ്ദ്ധർ ഉൾപ്പെട്ടതായിരിക്കണം കമ്മിറ്റി. കമ്മിറ്റി ശാസ്ത്രീയ മാസ്റ്റർ പ്ലാൻ തയ്യാറാക്കണം. തീർത്ഥാടകർക്കുള്ള സൗകര്യങ്ങൾ തിട്ടപ്പെടുത്തണം. ഒരു ലക്ഷത്തിലധികം പേർ ഒരേ സമയം എത്തുന്നത് അപകടമായതിനാൽ നിയന്ത്രിക്കാനുള്ള നടപടി സ്വീകരിക്കണം. ഇന്റഗ്രേറ്റഡ് കൺട്രോൾ റൂം വേണം.
പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറെയും കോടതി കേസിൽ കക്ഷിയാക്കി. കാനന പാതയിലൂടെ ദിവസം 5000 പേരെയെ കടത്തിവിടാവൂ. അവർക്കും വെർചൽ ക്യൂ പാസ് വേണം. തീർത്ഥാടകർക്ക് ചുക്കുവെളളവും ബിസ്കറ്റും ഉറപ്പാക്കണം. ടോയ്ലെറ്റുകൾ വൃത്തിയായി സൂക്ഷിക്കണം. ഡോളി സർവീസിന് പ്രീപെയ്ഡ് കൗണ്ടർ വേണമെന്നും കോടതി നിർദ്ദേശിച്ചു.
സന്നിധാനത്തെ തിരക്ക്
ഗൂഢശക്തികളുടെ
സൃഷ്ടിയോ? എ.ഡി.ജി.പി
ശബരിമല : സന്നിധാനത്ത് ചൊവ്വാഴ്ചയുണ്ടായ നിയന്ത്രണാതീതമായ തിരക്ക് ഗൂഢശക്തികളുടെ ഇടപെടൽ മൂലമാണോയെന്ന് അന്വേഷിക്കുമെന്ന് എ.ഡി.ജി.പി എസ്.ശ്രീജിത്ത് പറഞ്ഞു. വെർച്വൽക്യൂ ബുക്കുചെയ്തും സ്പോട്ട് ബുക്കിംഗിലൂടെയും എത്തിയവർക്ക് പുറമെ സമയക്രമം തെറ്റിച്ചും തീർത്ഥാടകർ എത്തിയിരുന്നു. ഇവരിൽ പലരും പൊലീസ് നിയന്ത്രണങ്ങൾ ഭേദിച്ച് വനത്തിലൂടെയും മറ്റ് വഴികളിലൂടെയും സന്നിധാനത്തേക്ക് എത്തി. ഇതോടെ താഴെതിരുമുറ്റത്തും വലിയ നടപ്പന്തലിലും മണിക്കൂറുകളോളം അപകടകരമായ തരത്തിൽ തിരക്കുണ്ടായി. മുൻ വർഷത്തെക്കാൾ കൂടുതൽ പൊലീസ് ഉണ്ടായിരുന്നു.
വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിംഗ് ഇല്ലാതെ എത്തുന്നവരെ പമ്പയിലേക്ക് പ്രവേശിപ്പിക്കില്ലെന്ന് എ.ഡി.ജി.പി പറഞ്ഞു. ഇതിനായി കെ.എസ്.ആർ.ടി.സി ബസുകളിൽ ഉൾപ്പെടെ പരിശോധന നടത്തും. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി 3500 പൊലീസുകാരുണ്ട്. 1700പേർ സന്നിധാനത്താണ്. ഇന്നലെ എൻ.ഡി.ആർ.എഫിന്റെ തൃശൂരിൽ നിന്നുള്ള 30 അംഗ സംഘമെത്തി. ചെന്നൈയിൽ നിന്നുള്ള മറ്റൊരു സംഘം കൂടിയെത്തും. നിലവിൽ തിരക്ക് നിയന്ത്രണ വിധേയമാണ്.
മൊത്തം 80000
പേർക്ക് ദർശനം
ശബരിമല: മൊത്തം എൺപതിനായിരം തീർത്ഥാടകർക്ക് പ്രതിദിനം ദർശനം ലഭിക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം.
സ്പോട്ട് ബുക്കിംഗ്അയ്യായിരമായി ഹൈക്കോടതി കുറയ്ക്കുകയും വെർച്വൽ ബുക്കിംഗ് 70000 ആയി നിജപ്പെടുത്തുകയും ചെയ്തെങ്കിലും കാനന പാത വഴി വരുന്ന അയ്യായിരം പേർക്കുകൂടി അവസരം കിട്ടും.
ഇത്രയുംനാൾ കാനന പാത വഴി വരുന്നവർക്ക്
നിയന്ത്രണമില്ലായിരുന്നു.
സ്പോട്ട് ബുക്കിംഗിനായി നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ ആരംഭിച്ചു.പമ്പയിലെ അഞ്ച് സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളുടെ എണ്ണം ഒന്നായി ചുരുക്കി. വെർച്വൽ ക്യൂവോ, സ്പോട്ട് ബുക്കിംഗോ ഇല്ലാത്തവരെ പമ്പയിലേക്ക് വിടില്ല. ഇതിനായി നിലയ്ക്കലിൽ പരിശോധന നടത്തും.
വെർച്വൽ ക്യൂ ബുക്കിംഗിലൂടെ 70,000 പേർക്കും സ്പോട്ട് ബുക്കിംഗിലൂടെ 20,000 പേർക്കുമായിരുന്നു പ്രവേശനം നൽകിയിരുന്നത്. എരുമേലി, ചെങ്ങന്നൂർ, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലാണ് മറ്റു സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങൾ.
പുൽമേട് വഴി നിത്യേന ആയിരത്തിൽ താഴെ തീർത്ഥാടകരാണ് സന്നിധാനത്തേക്ക് എത്തുന്നത്.
