വി.എസിന് തമിഴ് മക്കളുടെ ‘ധീര വണക്കം’

കേരളത്തിന്റെ സമര ചരിത്രങ്ങളിൽ ജ്വലിക്കുന്ന വി.എസ് എന്ന രണ്ടക്ഷരം തമിഴ്നാട്ടിലും വികാരമായിരുന്നുവെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ഇന്നലെ ചെങ്കോട്ടയിലടക്കം നടന്ന മൗനജാഥകളും അനുസ്മരണ കൂട്ടായ്മകളും.

വി.എസിന്റെ ചിത്രം ആലേഖനം ചെയ്ത പോസ്റ്ററുകളുമായി തമിഴ് മക്കൾ മൗന ജാഥകൾ നടത്തി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ കറുത്ത ബാഡ്ജ് ധരിച്ചാണ് അണിനിരന്നത്. വിവിധ ഇടങ്ങളിൽ വലിയ ഫ്ളക്സ് ബോ‌ർഡുകളും സ്ഥാപിച്ചിരുന്നു. സി.പി.എം, സി.പി.ഐ, ഡി.എം.കെ, കോൺഗ്രസ്, എ.ഐ.എ.ഡി.എം.കെ തുടങ്ങി മിക്ക രാഷ്ട്രീയ പാർട്ടികളും അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തു. സി.പി.എം രൂപീകരണത്തിന് മുമ്പും രൂപീകരിച്ച ശേഷവും വി.എസ് തമിഴ്നാട്ടിലെ പാർട്ടി പ്രവ‌ർത്തകരുമായി ആത്മബന്ധം പുലർത്തിയിരുന്നു. ഇ.എം.എസിന്റെ ‘തമിഴ്നാട് മോഡലിനെ’ എതിർത്ത വി.എസിന് പക്ഷെ, തമിഴ്മക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കാനായെന്നത് പ്രകടമാക്കിയാണ് അവർ സഖാവിന് ‘ധീര വണക്കം’ അർപ്പിച്ചത്.

വി.എസ് ഇടപെട്ടില്ലായിരുന്നെങ്കിൽ…

നാട്ടിലെ സ്പിന്നിംഗ് മിൽ പൂട്ടിപ്പോകുമെന്ന അവസ്ഥ വന്നപ്പോൾ പ്രതിപക്ഷ നേതാവായിരുന്ന വി.എസ് ഇടപെട്ട കഥ പറയുമ്പോൾ ബാലരാമപുരം സ്വദേശി വസന്തകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അന്ന് വി.എസ് ഇടപെട്ടില്ലായിരുന്നെങ്കിൽ പട്ടിണി കിടന്ന് മരിക്കേണ്ടി വന്നേനെയെന്ന് അവർ ഓർത്തെടുത്തു.

വീടിരിക്കുന്ന സ്ഥലത്തിനോട് ചേർന്ന ഭൂമി, അയൽവാസി ജെ.സി.ബി കൊണ്ട് ഇടിച്ചെടുത്തപ്പോൾ വീടിന്റെ അപകടാവസ്ഥയെക്കുറിച്ചുള്ള പരാതിയുമായി വി.എസിന് മുന്നിലെത്തിയ കാട്ടാക്കട സ്വദേശി ഗായത്രിക്ക് ലഭിച്ചത് മണിക്കൂറുകൾക്കകം നീതി. കന്റോൺമെന്റ് ഹൗസിൽ പരാതി സമർപ്പിച്ച് വീട്ടിലെത്തിയപ്പോൾ തങ്ങളെ കാത്തുനിന്നത് തഹസിൽദാരും സംഘവും. ആരോപണ വിധേയനൊപ്പം നിലയുറപ്പിച്ചിരുന്ന തഹസിൽദാർ നേരിട്ടെത്തിയാണ് ജെ.സി.ബി കസ്റ്റഡിയിലെടുത്തത്. അതായിരുന്നു വി.എസ് എന്ന് പറയുമ്പോൾ ഒപ്പമുണ്ടായിരുന്നവരും തലകുലുക്കി.

മണ്ണിനും മനുഷ്യനും വേണ്ടി പ്രവർത്തിക്കുമ്പോൾ അദ്ദേഹത്തിന് വല്ലാത്തൊരു ആവേശമുണ്ടായിരുന്നുവെന്ന് വി.എസിനെ അവസാനമായി ഒരുനോക്ക് കാണാൻ ദർബാർ ഹാളിലെത്തിയ ജനസഹസ്രം സാക്ഷ്യപ്പെടുത്തി.

അപ്പൂപ്പനും അമ്മൂമ്മയ്ക്കുമൊപ്പം ദർബാർ ഹാളിലെത്തിയ അഞ്ച് വയസുകാരൻ പ്രണവിനും വി.എസ് അത്ഭുതമാണ്. ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും അപ്പൂപ്പനും അമ്മൂമ്മയും പറഞ്ഞു കേട്ട അറിവിൽ നിന്നും അവർക്കൊപ്പം ദർബാർ ഹാളിൽ എത്തിയതായിരുന്നു പ്രണവ്. നീട്ടിയും കുറുക്കിയുമുള്ള വി.എസിന്റെ പ്രസംഗം ടി.വിയിൽ കേട്ടിട്ടുമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top