ജയ്ഷെ വെളിപ്പെടുത്തൽ സേനയുടെ ധീരതയുടെ തെളിവ്: രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൽ മസൂദ് അസറിന്റെ കുടുംബം ചിന്നിച്ചിതറിയെന്ന ജെയ്‌ഷെ മുഹമ്മദ് കമാൻഡറിന്റെ തുറന്നുപറച്ചിലിനോട് പ്രതികരിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇത് ഇന്ത്യൻ സായുധസേനയുടെ ധീരതയും കരുത്തും തെളിയിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കാൻ ഒരു ശക്തിക്കും സാധിക്കില്ലെന്നും ഹൈദരാബാദിൽ നടന്ന ചടങ്ങിൽ അദ്ദേഹം പറഞ്ഞു. ‘പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യ കരുത്താർജ്ജിക്കുകയാണ്. എന്തെങ്കിലും തരത്തിലുള്ള ഭീകരപ്രവർത്തനങ്ങളുണ്ടായാൽ ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കും.പാകിസ്ഥാനുമായുള്ള വെടിനിറുത്തൽ കരാറിൽ മൂന്നാം കക്ഷി ഇടപെടൽ ഉണ്ടായിട്ടില്ല. ചിലരുടെ ഇടപെടൽ കാരണമാണ് വെടിനിറുത്തലുണ്ടായതെന്ന് ചിലർ പറയുന്നു. ഭീകരവാദത്തിനെതിരായ നമ്മുടെ നടപടികൾ ആരുടെയും ഇടപെടലിന്റെ ഫലമല്ല”- അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിനിടെ മൗലാന മസൂദ് അസറിന്റെ കുടുംബം ചിന്നിച്ചിതറിയതായി ജെയ്ഷെ മുഹമ്മദ് കമാൻഡർ ഇല്യാസ് കശ്മീരി സമ്മതിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തോക്കുധാരികളായ നിരവധി ഗാർഡുകൾക്കിടയിൽ നിന്ന് ഇയാൾ സംസാരിക്കുന്ന വീഡിയോയാണ് വന്നത്.

സ്വസ്ഥ് നാരി സശക്ത് പരിവാർ’ പദ്ധതിക്ക് തുടക്കം

ന്യൂഡൽഹി: സ്ത്രീകളുടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിലൂടെ കുടുംബങ്ങളെ ശക്തമാക്കാൻ ലക്ഷ്യമിടുന്ന ‘സ്വസ്ഥ് നാരി സശക്ത് പരിവാർ’ പദ്ധതിക്ക് (എസ്.എൻ.എസ്.പി.എ) തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജൻമദിനത്തിൽ മദ്ധ്യപ്രദേശിലെ ധാറിൽ നടന്ന പരിപാടിയിൽ പദ്ധതിയുടെ ഉദ്ഘാടനം മോദി നിർവ്വഹിച്ചു. സ്ത്രീകൾ സ്വയം ആരോഗ്യ ക്യാമ്പുകളിലെത്തി പരിശോധനകൾ നടത്തണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പദ്ധതിയുടെ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തിലേറെ ആരോഗ്യ ക്യാമ്പുകൾ നടത്തും. വിളർച്ച, പ്രമേഹം, അമിതസമ്മർദ്ദം, സ്തനാർബുദം, സെർവിക്കൽ ക്യാൻസർ, ട്യൂബർകുലോസിസ്, സിക്കിൾ സെൽ ഡിസീസ്, ത്വക്ക് രോഗങ്ങൾ, വന്ധ്യത തുടങ്ങിയ രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് ക്യാമ്പുകളിൽ നടത്തുക.സ്ത്രീകളുടെ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും പോഷകം ഉറപ്പുവരുത്തുന്നതിനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാതൃ, ശിശു മരണനിരക്ക് കുറയ്ക്കാനും ലക്ഷ്യമിടുന്നു. സശക്ത് പോർട്ടലിലൂടെ പദ്ധതിയുടെ കാര്യക്ഷമത തത്സമയം നിരീക്ഷിക്കും.
ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ട് വരെയാണ് ആരോഗ്യ ക്യാമ്പുകൾ നടത്തുക. ആയുഷ്‌മാൻ ആരോഗ്യ മന്ദിറുകളിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലുമാണ് ക്യാമ്പ് നടക്കുക.

മാതൃ, ശിശു ആരോഗ്യത്തിൽ കാര്യമായ പോരായ്മകളുണ്ടെന്ന് ദേശീയ ആരോഗ്യ സർവേകളിൽ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും വനിതാ-ശിശു വികസന മന്ത്രാലയവും ചേർന്ന് പദ്ധതി ആവിഷ്‌കരിച്ചത്.
സ്ത്രീകളുടെ സുരക്ഷയും ശാക്തീകരണവും ലക്ഷ്യമിടുന്ന മിഷൻ ശക്തി, കുട്ടികളിലെയും സ്ത്രീകളിലെയും പോഷകാഹാരക്കുറവ് നേരിടുന്നതിനുള്ള പോഷൺ 2.0 എന്നീ പദ്ധതികൾക്കൊപ്പമാണ് ലക്ഷ്യത്തിൽ സ്വസ്ഥ് നാരി സശക്ത് പരിവാർ പദ്ധതിയും.

75-ാം പിറന്നാൾ ദിനത്തിൽ മോദി , പുതിയ ഇന്ത്യ ശത്രുവിനെ തേടിച്ചെന്ന് തീർക്കും

ന്യൂഡൽഹി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ തേടിപ്പിടിച്ച് നശിപ്പിച്ച പ്രതികരണശേഷിയുള്ള പുതിയ ഇന്ത്യയാണ് ഇന്നത്തേതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 75-ാം പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലെ ധാറിൽ വികസന പദ്ധതികൾ സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മോദി.

ഇന്ത്യൻ സൈന്യത്തിന്റെ ധീരത പാക് ഭീകരന്റെ വിലാപത്തിൽ വ്യക്തമാണ്. ഓപ്പറേഷൻ സിന്ദൂറിൽ മൗലാന മസൂദ് അസറിന്റെ കുടുംബം ചിന്നിച്ചിതറിയെന്ന് ജെയ്‌ഷെ മുഹമ്മദ് കമാൻഡർ സമ്മതിക്കുന്ന വീഡിയോ ലോകം കണ്ടു. രാഷ്ട്രം ഭാരതമാതാവിന്റെ സുരക്ഷയ്‌ക്ക് പരമാവധി മുൻഗണന നൽകുന്നു. ആണവ ഭീഷണി ഭയപ്പെടാതെയായിരുന്നു നമ്മുടെ പ്രഹരം.

പോരാടൻ ദൃഢനിശ്‌ചമെടുത്ത 140 കോടി പേരാണ് രാജ്യത്തിന്റെ ശക്തി. സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരുടെ ഉന്നതിയാണ് പ്രധാനം. കർഷകർക്ക് ഉത്പന്നങ്ങൾക്ക് ന്യായ വിലയും യുവാക്കൾക്ക് തൊഴിലവസരങ്ങളും ഉറപ്പാകും. ധാറിൽ ഉദ്ഘാടനം ചെയ്‌ത ഇന്ത്യയിലെ ഏറ്റവും വലിയ ടെക്സ്റ്റൈൽ പാർക്ക് തുണി വ്യവസായത്തിന് പുതിയ ഊർജ്ജം നൽകും.

കുടുംബം നന്നായി പ്രവർത്തിക്കാൻ അമ്മമാർ ആരോഗ്യവതികളാകണം. ‘ആരോഗ്യമുള്ള സ്ത്രീകൾ, ശക്തമായ കുടുംബം” എന്ന പ്രചാരണം അതിന്റെ അടിസ്ഥാനത്തിലാണ്. ഉത്സവ സീസണിൽ സ്വദേശി ഉത്പന്നങ്ങൾ പരമാവധി വാങ്ങണമെന്നും മോദി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top