കെ.പി.സി.സിയുടെ ഉമ്മൻചാണ്ടി സ്മൃതി സംഗമം ഇന്ന്

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സിയുടെ നേതൃത്വത്തിൽ നടത്തുന്ന ഉമ്മൻചാണ്ടി സ്മൃതി സംഗമം ഇന്ന് രാവിലെ 10ന് കോട്ടയത്ത് നടക്കും. ലോകസ്ഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉമ്മൻചാണ്ടി ഫൗണ്ടേഷൻ നിർമ്മിച്ച 12 വീടുകളുടെ താക്കോൽ ദാനവും കെ.പി.സി.സിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

രാവിലെ 9ന് കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ്ജ് പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തും. സ്മൃതി സംഗമത്തിൽ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് അദ്ധ്യക്ഷത വഹിക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപദാസ് മുൻഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങൾ, മതമേലദ്ധ്യക്ഷന്മാർ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, ഭാരവാഹികൾ, കോട്ടയം ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ്, എം.പിമാർ, എം.എൽ.എമാർ, മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കും. കെ.പി.സി.സി ജീവകാരുണ്യ പദ്ധതിയായ സ്മൃതിതരംഗത്തിനും സമ്മേളനത്തിൽ തുടക്കമാകും.

ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്തെത്തുന്ന രാഹുൽ ഗാന്ധി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദർശിക്കും. തുടർന്ന് ഡൽഹിക്ക് മടങ്ങും

ഉമ്മൻചാണ്ടി അനുസ്മരണം തുടക്കം… അനൗദ്യോഗിക തിരഞ്ഞെടുപ്പ്  ഒരുക്കങ്ങളിലേക്ക് കോൺഗ്രസ്

ലോക് സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പങ്കെടുപ്പിച്ച് ഇന്ന് പുതുപ്പള്ളിയിൽ കോൺഗ്രസ് സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടി അനുസ്മരണം വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ അനൗദ്യോഗിക തുടക്കം കൂടിയാകും. ഉമ്മൻചാണ്ടി വികാരം പരമാവധി നിലനിറുത്തിയാകും ഇനിയുള്ള ദിവസങ്ങളിലും മുന്നോട്ടു പോവുക.

ഒന്നാം ചരമ വാർഷികത്തിന് രാഷ്ട്രീയ നിറമില്ലായിരുന്നെങ്കിൽ ഇക്കുറി കെ.പി.സി.സിയും, ഡി.സി.സിയും നേരിട്ടാണ് പുതുപ്പള്ളിയിൽ ചടങ്ങുകൾക്ക് ചുക്കാൻ പിടിക്കുന്നത്. രാഹുൽ ഗാന്ധിയ്‌ക്കൊപ്പം സംസ്ഥാനത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളെല്ലാം പുതുപ്പള്ളിയിലുണ്ട്. ഉമ്മൻചാണ്ടിയും പുതുപ്പള്ളിയുമെന്ന വികാരം പരമാവധി കോൺഗ്രസുകാരിൽ നിറയും. രാഷ്ട്രീയഭേദമന്യേ ഉമ്മൻചാണ്ടിയുടെ സ്വീകാര്യത പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം.

ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ഉമ്മൻചാണ്ടി ട്രസ്റ്റായിരുന്നു സംഘടിപ്പിച്ചത്. രാഷ്ട്രീയ നിറം കൊടുക്കാതെ അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനായിരുന്നു ഉദ്ഘാടകൻ. വി.ഡി.സതീശനും, ശശി തരൂരും പാർട്ടിയെ പ്രതിനിധീകരിച്ചപ്പോൾ സഭാ മേലദ്ധ്യക്ഷന്മാരും, പാണക്കാട് തങ്ങളും, സന്യാസിമാരും ഉൾപ്പെടെയാണ് പങ്കെടുത്തത്. ഈ സാഹചര്യത്തിലാണ് കെ.പി.സി.സിയുടെ ഇന്നത്തെ അനുസ്മരണത്തിന്റെ രാഷ്ട്രീയവും ചർച്ചയാകുന്നത്. ഉപതിരഞ്ഞെടുപ്പുകൾക്ക് ശേഷമുണ്ടായ പാർട്ടിയിലെ അസ്വാരസ്യങ്ങൾ ഇല്ലാതാക്കാനും രാഹുൽ ഗാന്ധിയുടെ സാന്നിദ്ധ്യം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.

 കോട്ടയത്ത് കരുത്ത് കൂട്ടും

കോൺഗ്രസിന്റെ തട്ടകമായ കോട്ടയത്ത് കഴിഞ്ഞ തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കേരള കോൺഗ്രസ് എമ്മിന്റെ സഹായത്തോടെ എൽ.ഡി.എഫ് ഉണ്ടാക്കിയ മുന്നേറ്റത്തിന് തടയിടുകയെന്ന ലക്ഷ്യവുമുണ്ട്. പുതുപ്പള്ളിയും പരിസരവും നിറയെ ഉമ്മൻചാണ്ടിയുടെയും, രാഹുൽ ഗാന്ധിയുടെയും ഫ്ലക്സുകളാൽ നിറഞ്ഞിരിക്കുകയാണ്. ജില്ലയിലെ കോൺഗ്രസ് പ്രവർത്തകരെ പരമാവധി ചടങ്ങിൽ എത്തിക്കാനാണ് നിർദ്ദേശം. ഉമ്മൻചാണ്ടി വികാരത്തിനൊപ്പം രാഹുൽ ഗാന്ധിയുണ്ടാക്കുന്ന ആവേശം ജോസ് കെ.മാണി ഉയർത്തുന്ന വെല്ലുവിളിയെ ഇല്ലാതാക്കാമെന്നാണ് നേതാക്കൾ കരുതുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top