റഷ്യൻ ബന്ധം: നാറ്റോയെ തള്ളി ഇന്ത്യ

ന്യൂഡൽഹി: റഷ്യയുമായുള്ള വ്യാപാര ബന്ധം തുടർന്നാൽ ഉപരോധം ഏർപ്പെടുത്തുമെന്ന നാറ്റോ മേധാവിയുടെ ഭീഷണി തള്ളി ഇന്ത്യ. ജനങ്ങളുടെ ഊർജ്ജ ആവശ്യങ്ങൾക്കാണ് മുൻഗണനയെന്ന് വ്യക്തമാക്കിയ വിദേശകാര്യ മന്ത്രാലയം, വിഷയത്തിൽ ഇരട്ടത്താപ്പ് കാട്ടുന്നതിനെതിരെ പ്രത്യേകം ജാഗ്രത പുലർത്തുന്നതായും വ്യക്തമാക്കി. കഴിഞ്ഞ ദിവസം വാഷിംഗ്ടണിൽ വച്ചായിരുന്നു നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെയുടെ വിവാദ പരാർമശം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടർന്നാൽ ഇന്ത്യയ്ക്ക് ചൈനയ്ക്കും ബ്രസീലിനും ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ റൂട്ടെ, യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനോട് ഈ രാജ്യങ്ങളുടെ തലവൻമാർ ആവശ്യപ്പെടണമെന്നും പറഞ്ഞിരുന്നു. 50 ദിവസത്തിനുള്ളിൽ യുക്രെയിനിൽ വെടിനിറുത്തലിന് ധാരണയായില്ലെങ്കിൽ റഷ്യക്കെതിരെ തീരുവകൾ ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പിന്തുണച്ചായിരുന്നു റൂട്ടെയുടെ പ്രസ്താവന.

സൈന്യത്തിന് കൂടുതൽ എ.കെ 203 റൈഫിളുകൾ

ന്യൂഡൽഹി: റഷ്യൻ സഹായത്തോടെ നിർമ്മിച്ച 7,000 അത്യാധുനിക എ.കെ 203 തോക്കുകൾ കൂടി മൂന്ന് മാസത്തിനുള്ളിൽ സേനയ്‌ക്ക് കൈമാറും. 18 മാസത്തിനുള്ളിൽ 48,000 തോക്കുകൾ കൈമാറി. 2026ൽ ഒരു ലക്ഷം യൂണിറ്റുകൾ കൂടി വിതരണം ചെയ്യും. ആറു ലക്ഷം എ.കെ 203 തോക്കുകൾക്കുള്ള 5,124 കോടിയുടെ പദ്ധതിക്ക് നേരത്തെ അനുമതി നൽകിയിരുന്നു.

ഇതിൽ ഒരു ലക്ഷം തോക്കുകൾ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഘടകങ്ങൾ ഉപയോഗിച്ച് നിർമ്മിച്ചതാണ്. ഉത്തർപ്രദേശിലെ അമേഠിയിലെ കോർവ ഓർഡ‌്നൻസ് ഫാക്‌ടറിയിൽ നിർമ്മിക്കുന്ന അഞ്ച് ലക്ഷം തോക്കുകൾ പൂർണമായും ‘മേക്ക് ഇൻ ഇന്ത്യ” ആയിരിക്കും. ഇവ കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.

പ്രത്യേകത

 എ.കെ-47ന്റെ പരിഷ്‌കൃത മോഡൽ

 റേഞ്ച്: 400മീറ്റർ (കൃത്യമായി ലക്ഷ്യത്തിലെത്തും), ഒരു മാഗസിനിൽ 30 തിരകൾ

 ഒരു മിനിട്ടിൽ 600 തിരകൾ പായിക്കാം (സെക്കൻഡിൽ 10 തിരകൾ വീതം)

 7.62 എം.എം വലിപ്പമുള്ള തിരകൾ

 ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് സൗകര്യം

 ഭാരം: 3.8 കിലോഗ്രാം

 ലക്ഷ്യം കൃത്യമായി കാണാം,കൈയിൽ ഉറപ്പിച്ച് പിടിക്കാനുള്ള ഗ്രിപ്പ്

 ഗ്രനേഡ് ലോഞ്ചർ,സൈലൻസർ എന്നിവ ഘടിപ്പിക്കാനും സൗകര്യം

ഏത് കാലാവസ്ഥയിലും പ്രവർത്തിക്കും

നിർമ്മാണം: ഓർഡ‌ിനൻസ് ഫാക്ടറി ബോർഡും റഷ്യൻ കയറ്റുമതി ഏജൻസി റോസോബോറോൺ എക്‌സ്‌പോർട്ടും റഷ്യൻ കമ്പനിയായ കലാഷ്‌നിക്കോവും (49.5%) പങ്കാളികളായ ഇന്തോ-റഷ്യൻ റൈഫിൾസ് പ്രൈവറ്റ് ലിമിറ്റഡ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top