ആലപ്പുഴ: കേരള ചരിത്രത്തിനൊപ്പം സഞ്ചരിച്ച് സ്വയം ചരിത്രമായി മാറിയ വി.എസിന്റെ ഭൗതിക ശരീരവുമായി ജന്മനാട്ടിലേക്കുള്ള വിലാപയാത്രയും മറ്റൊരു ചരിത്രമായി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ സെക്രട്ടേറിയറ്റ് വളപ്പിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര ആലപ്പുഴ പുന്നപ്രയിലുള്ള വി.എസിന്റെ വേലിക്കകത്ത് വീട്ടുമുറ്റത്തെത്തിയത് ഇന്നലെ ഉച്ചയ്ക്ക് 12.15ന്. ഏകദേശം 150 കിലോമീറ്റർ താണ്ടിയത് 22.5 മണിക്കൂർ കൊണ്ട്.
വി.എസിനെയും വഹിച്ചുള്ള വാഹനം അമ്പലപ്പുഴ ഭാഗത്ത് എത്തിയപ്പോഴേക്കും ദേശീയപാതയും പരിസരങ്ങളും ജനങ്ങളെക്കൊണ്ട് നിറഞ്ഞു. പിന്നീട് പുന്നപ്ര വരെ ജനങ്ങളുടെ പ്രവാഹം. ‘ആലപ്പുഴയുടെ മണിമുത്തേ, കേരള നാടിൻ നായകനേ, ഞങ്ങടെ ചങ്കിലെ റോസാപ്പൂവേ’ എന്നിങ്ങനെ തൊണ്ട പൊട്ടുമാറ് വിളിച്ചാണ് ജനങ്ങൾ ആവേശം പ്രകടിപ്പിച്ചത്. ദേശീയപാത നിറഞ്ഞു കവിഞ്ഞൊഴുകിയ ജനനദി, വേലിക്കകത്ത് പരിസരത്തെ ജനസാഗരത്തിലേക്ക് ലയിച്ചു. അപ്പോഴും പുറത്തെ നദി വലുതായിക്കൊണ്ടിരുന്നു.
ഒരു രാവ് മുഴുവൻ കൊല്ലം, ആലപ്പുഴ ജില്ലകളിലെ ജനങ്ങൾ മാത്രമല്ല, കേരളത്തിന്റെ മുക്കും മൂലയും ഉറങ്ങാതിരുന്നു. പട്ടാളച്ചിട്ടയുള്ള വി.എസിന്റെ പാർട്ടി വിലാപയാത്രയ്ക്കായി മുൻകൂട്ടി തയ്യാറാക്കിയ എല്ലാ സമയപ്പട്ടികയും ജനം തൂത്തെറിഞ്ഞു. ഒരുനോക്ക് കാണാൻ കാത്തിരുന്ന ജനസഞ്ചയത്തിന് അവസരം നൽകാതെ ഒരിഞ്ചു മുന്നോട്ടുപോകാൻ വിലാപയാതയ്ക്ക് കഴിഞ്ഞില്ല. അവരുടെ സ്നേഹപൂർവ്വമായ വാശിക്ക് മുന്നിൽ നേതാക്കളും മൗനം പാലിച്ചു.
കൊല്ലം ജില്ലയുടെ തെക്കൻ അതിർത്തിയായ കടമ്പാട്ടുകോണത്തേക്ക് വിലാപയാത്രയുടെ മുൻനിര പ്രവേശിച്ചത് രാത്രി 12.20 ന്. കോരിച്ചൊരിയുന്ന മഴയത്ത്,സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർ തങ്ങളുടെ പ്രിയനായി കാത്തുനിന്നു. അന്ത്യോപചാരത്തിന് നിശ്ചയിച്ച പ്രധാന കേന്ദ്രങ്ങളിൽ പന്തൽ കെട്ടി, എൽ.ഇ.ഡി സ്ക്രീൻ സ്ഥാപിച്ച് വിലാപയാത്രയുടെ തത്സമയദൃശ്യങ്ങൾ കാണാൻ സൗകര്യമൊരുക്കിയിരുന്നു. കേരളത്തിന്റെ വടക്കൻ ജില്ലകളിൽ നിന്നും മലയോര മേഖലകളിൽ നിന്നും ആലപ്പുഴയിലെ വി.എസിന്റെ വീട്ടിലെത്തിയവർ വിലാപയാത്ര വൈകുന്നുവെന്നു കണ്ടതോടെ അടുത്ത ജില്ലയിലേക്ക് വച്ചുപിടിച്ചു. സഞ്ചരിക്കേണ്ട ദൂരമായിരുന്നില്ല, വി.എസിന്റെ മുഖമായിരുന്നു അവരുടെ മനസിൽ.
പാരിപ്പള്ളി ,കൊട്ടിയം, ചിന്നക്കട, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ തുടങ്ങിയ കേന്ദ്രങ്ങളിൽ സന്ധ്യയ്ക്ക് എത്തിയ ജനക്കൂട്ടം നേരം പുലരുവോളം കാത്തുനിന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുന്നിൽ കാത്തുനിന്നാണ് രാവിലെ 9 മണിക്ക് അന്ത്യോപചാരമർപ്പിച്ചത്. വെയിലിനും മഴയ്ക്കും തടയിടാൻ കഴിയുന്നതായിരുന്നില്ല വി.എസിനോടുള്ള ജനത്തിന്റെ സ്നേഹവായ്പ്.
- ഉറങ്ങാതെ കാത്തിരുന്നു വേലിക്കകത്ത് വീട്…
ഇരുപത് മണിക്കൂറിലധികം കാത്തുനിന്ന ജനസഞ്ചയത്തിന്റെ വിപ്ലവാഭിവാദ്യങ്ങളേറ്റുവാങ്ങി വി.എസ് അവസാനമായി പുന്നപ്ര വേലിക്കകത്ത് വീട്ടിലെത്തി. ചൊവ്വാഴ്ച രാത്രി 9ന് ഭൗതികശരീരം വീട്ടിൽ എത്തിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
എന്നാൽ, ജനസാഗരത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി വിലാപയാത്ര ഓരോ പോയിന്റും കടക്കാൻ മണിക്കൂറുകളെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12.20നാണ് വീട്ടിലെത്തിയത്.
വീടിനുള്ളിൽ ഇരുപത് മിനിട്ട് കുടുംബാംഗങ്ങൾക്ക് മാത്രം കാണാനായി ക്രമീകരണം ഒരുക്കി. തുടർന്ന് വീട്ടുമുറ്റത്തെ പന്തലിലേക്ക് ഭൗതിക ശരീരമെത്തിച്ചതോടെ തിരക്ക് നിയന്ത്രണാതീതമായി. പല ബന്ധുക്കളെയും വീട്ടിലേക്ക് കടത്തിവിടാൻ പൊലീസ് നന്നേ പാടുപെട്ടു. ഒരു മണിക്കൂറു കൊണ്ട് വീട്ടിലെ പൊതുദർശനം അവസാനിപ്പിക്കുമെന്ന് പാർട്ടി ഭാരവാഹികൾ അറിയിച്ചെങ്കിലും തിരക്കു കാരണം ഉച്ചയ്ക്ക് 2.40വരെ തുടർന്നു.
സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ തുടങ്ങി ആയിരങ്ങൾ അന്തിമോപചാരമർപ്പിച്ചു. പ്രിയ സഖാവിനെ കാണാൻ അനാരോഗ്യം പോലും വകവയ്ക്കാതെ എത്തിയവരുണ്ടായിരുന്നു കൂട്ടത്തിൽ. മക്കളെ തോളിലേറ്റി കുടുംബസമേതം വന്നവരുണ്ട്. വി.എസിനെ കണ്ടേ മതിയാകൂ എന്ന ആഗ്രഹത്തിൽ വിദേശത്ത് നിന്ന് എമർജൻസി ടിക്കറ്റെടുത്ത് എത്തിയവരുമുണ്ടായിരുന്നു. നിന്ന നിൽപ്പിൽ വടക്കൻ ജില്ലകളിൽ നിന്ന് ട്രെയിനും ബസും കയറി എത്തിയവരുമുണ്ടായിരുന്നു.
വി.എസിന്റെ ഭാര്യ വസുമതിയും, മകൾ ആശയും ചൊവ്വാഴ്ച രാത്രി തന്നെ വീട്ടിലെത്തിയിരുന്നു.
ജില്ലയിലെ മന്ത്രിമാരായ സജി ചെറിയാനും പി.പ്രസാദും ചേർന്നാണ് വിലാപയാത്രയെ വീട്ടിലേക്ക് നയിച്ചത്. സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി, മന്ത്രിമാരായ ഡോ.ആർ.ബിന്ദു, കെ.കൃഷ്ണൻകുട്ടി, മഹാരാഷ്ട്ര ഗവർണർ സി.പി.രാധാകൃഷ്ണൻ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, എം.എൽ.എമാരായ എച്ച്.സലാം, എം.എസ്.അരുൺകുമാർ, മാത്യു ടി.തോമസ്, പി.കെ.കുഞ്ഞാലിക്കുട്ടി, മുൻമന്ത്രി ജി.സുധാകരൻ, മുസ്ലീം ലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി വി.എസിന് ആദരാഞ്ജലി അർപ്പിച്ചു.
വിശപ്പും ദാഹവും
മറന്ന് കാത്തുനില്പ്
വിലാപയാത്ര അമ്പലപ്പുഴയിലെത്തിയതു മുതൽ വീടും പരിസരവും ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. യാത്രയിലുടനീളം കണ്ടതിനെക്കാൾ ഇരട്ടി ജനം വിവിധ കേന്ദ്രങ്ങളിലായി വി.എസിനെ കാത്തിരിപ്പുണ്ടായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിങ്കളാഴ്ച മുതൽ എത്തിയവർ കനത്ത മഴയെ അവഗണിച്ചും പുന്നപ്രയിൽ തുടർന്നു. ജനങ്ങൾക്ക് വേണ്ടി എത്രയോ മഴ നനഞ്ഞ വി.എസിനെ കാണാൻ ഒന്നല്ല, ഒമ്പത് മഴ നനയാനും തയ്യാറാണെന്നായിരുന്നു പലരുടെയും പ്രതികരണം. വിശപ്പും ദാഹവും മറന്ന് മണിക്കൂറുകളോളം ഒരേ നിൽപ്പ് നിന്നു.
- വി.എസിനെ യാത്രയാക്കാൻ കേരളം ഒഴുകിയെത്തി
ആലപ്പുഴ: ബീച്ചിനു സമീപത്തെ റിക്രിയേഷൻ ഗ്രൗണ്ടിൽ ഇന്നലെ വൈകിട്ട് വി.എസിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചപ്പോൾ ഒരു നോക്ക് കാണാനെത്തിയത് കാസർകോട് മുതലിങ്ങോട്ടുള്ള പതിനായിരക്കണക്കിന് പേർ. ഇന്നലെ രാവിലെ 11 മണിക്ക ഇവിടേയ്ക്ക് വി.എസിന്റെ ഭൗതിക ദേഹമെത്തുമെന്ന പ്രതീക്ഷയിൽ അതി രാവിലെ മുതൽ നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് തലമുറഭേദമില്ലാതെ പ്രവർത്തകർ എത്തിയിരുന്നു.
തങ്ങളുടെ മണ്ഡലത്തെ പ്രതിനിധീകരിച്ച വി.എസിനെ അവസാനമായൊന്നു കാണാൻ മലമ്പുഴയിൽ നിന്നുള്ള പ്രവർത്തകരായിരുന്നു പന്തലിലെ മുൻനിരയിൽ. രാവിലെ പത്തു മുതൽ ഇടവിട്ടിടവിട്ട് കോരിച്ചൊരിഞ്ഞ മഴയെ കൂസാതെ ഉച്ചഭക്ഷണം പോലുമില്ലാതെ വൈകിട്ട് 6 വരെ റോഡിൽ ഒരേ നിൽപ്പ് തുടർന്ന പലരും കാൽ കുഴഞ്ഞപ്പോൾ നിലത്തിരിപ്പായി. മുഖ്യമന്ത്രി പിണറായി വിജയനും, മുഴുവൻ മന്ത്രിമാരും സ്പീക്കർ എ.എൻ ഷംസീറും സി.പി.എം ജനറൽ സെക്രട്ടറി എം.എ ബേബിയുൾപ്പെടെ നേതാക്കളും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ, മുൻ നക്സൽ നേതാവും അന്വേഷിയുടെ പ്രസിഡന്റുമായ കെ.അജിത, പ്രതിപക്ഷ എം.എൽ.എ മാരായ കെ.കെ.രമ, സി.ആർ. മഹേഷ്, ചാണ്ടി ഉമ്മൻ തുടങ്ങിയവരും വി.എസ് മുഖ്യമന്ത്രിയായിരിക്കെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷീല തോമസ്, മുൻ ഡി.ജി.പി ഋഷിരാജ് സിംഗ്, ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് തുടങ്ങിയ ഉദ്യോഗസ്ഥരും റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിയിരുന്നു.
വൈകിട്ട് 6ന് വി.എസിന്റെ വിലാപ യാത്ര സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് തിരിക്കുന്നതായി അറിഞ്ഞതോടെ പ്രവർത്തകരുടെ മുദ്രാവാക്യം വിളി ഉച്ചത്തിലായി. ആലപ്പുഴ ബീച്ചും കവിഞ്ഞ് പുരുഷാരം റിക്രിയേഷൻ ഗ്രൗണ്ടിലേക്കൊഴുകി. വി.എസിന്റെ ഭൗതിക ദേഹം വഹിച്ചെത്തിയ വാഹനം പ്രവർത്തകർ പൊതിഞ്ഞതോടെ ഭൗതികദേഹം പുറത്തേക്കെടുക്കാൻ നേതാക്കളും പ്രവർത്തകരും ബുദ്ധിമുട്ടി
