മഴയിലും ജ്വലിച്ച് വി.എസ്

ആലപ്പുഴ: ആർത്തുപെയ്ത മഴയെ അവഗണിച്ചെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി വി.എസിന് വലിയ ചുടുകാട്ടിൽ യാത്രാമൊഴി. തിരക്ക് നിയന്ത്രിക്കാൻ ചുടുകാട്ടിനുള്ളിലേക്കുള്ള പ്രവേശനം വി.എസിന്റെ ബന്ധുക്കൾ, എം.പിമാർ, എം.എൽ.എമാർ, വിവിധ രാഷ്ട്രീയ പാർട്ടി സംസ്ഥാന, ദേശീയ നേതാക്കൾ എന്നിവർക്കായി പരിമിതപ്പെടുത്തിയിരുന്നു.

ഉച്ചയോടെതന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരടക്കം ചെങ്കൊടികളേന്തി ചുവന്ന പുഴപോലെ ഇവിടേക്ക് ഒഴുകിയെത്തി. രാത്രി 8.20ന് വി.എസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ഇവിടേക്ക് തിരിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ ഉച്ചത്തിൽ മുദ്രാവാക്യം മുഴങ്ങി. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി.എസ് മരിക്കുന്നില്ല…’

നാല് മണിയോടെ ഭൗതികദേഹം വലിയചുടുകാട്ടിലെത്തിച്ച് അഞ്ചോടെ സംസ്കാരം നടത്താനായിരുന്നു ആലോചന. എന്നാൽ, ഒഴുകിയെത്തിയ ജനസാഗരം കണക്കുകൂട്ടലുകൾ തെറ്റിച്ചു. വി.എസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര എത്തിയപ്പോൾ രാത്രി 8.45. തുടർന്ന് 9.02ന് ഭൗതികദേഹം ചിതയ്ക്കരികിലെത്തിച്ച് സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.

തമിഴകത്തും തരംഗം വി.എസ്

കേരളാവിൻ മുതലമൈ‌ച്ചർ വി.എസ്. അച്യുതാനന്ദൻ…”” പ്രതിപക്ഷ നേതാവായിരുന്ന വി.എസിനെ മുഖ്യമന്ത്രിയെന്ന് പരിചയപ്പെടുത്തി ഒരു അനൗൺസ്‌മെന്റ്. കേട്ടുനിന്ന മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ ചിരിച്ചു.

2011 ജൂലായ് 31. അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽകാലാമിന്റെ അന്തിമോപചാര ചടങ്ങുകൾ രാമേശ്വരം പേയ്ക്കരിമ്പ് മൈതാനത്ത് പുരോഗമിക്കുന്നു. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻസിംഗ്, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, ഗവർണർമാർ, സംസ്ഥാന മുഖ്യമന്ത്രിമാർ എല്ലാവരുമുണ്ട്. സംസ്ഥാന സർക്കാരിനുവേണ്ടി അന്നത്തെ ഗവർണർ പി.സദാശിവവും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും. പ്രധാനമന്ത്രി പുഷ്പചക്രമർപ്പിച്ച ശേഷം മറ്റുള്ളവർ കലാമിന്റെ ഭൗതികശരീരത്തിനടുത്തേക്ക് എത്തി. പ്രതിപക്ഷ നേതാവായിരുന്ന വി.എസും തൊട്ടുപിന്നിൽ രാഹുൽഗാന്ധിയും. ആ സമയത്ത് നേതാക്കളെ പരിചയപ്പെടുത്തുമ്പോഴാണ് വി.എസ്സിനെ മുഖ്യമന്ത്രിയെന്ന് തെറ്റായി അനൗൺസ്‌മെന്റ് വരുന്നത്. അതുകേട്ട ആൾകൂട്ടം പെട്ടെന്നൊന്നിളകി. ‘വി.എസ്” എന്നൊരു മുഴക്കം കേട്ടു. അതാണ് തമിഴകത്തിന് വി.എസ്.

തമിഴ്നാട്ടിലെ സാധാരണക്കാർക്കും ആവേശമായിരുന്നു വി.എസ്. കൂടംകുളം സമരം നടക്കുന്ന കാലം. വി.എസ് എത്തിയാൽ സമരം വിജയിക്കുമെന്ന് സമരസമിതി വിശ്വാസമർപ്പിക്കുന്നു. ”വി.എസ്. ഒരുനാൾ വന്താൽ പോതും”” എന്നാണവർ പറഞ്ഞത്. സമരം 400 ദിവസം പിന്നിട്ടപ്പോൾ 2012 സെപ്തംബർ 18ന് വി.എസ് കൂടംകുളത്തേക്ക് തിരിച്ചു. സുരക്ഷാകാരണം പറഞ്ഞ് യാത്ര മാറ്റിവയ്ക്കണമെന്ന് കേരള പൊലീസും തമിഴ്നാട് പൊലീസും ആവശ്യപ്പെട്ടെങ്കിലും കണക്കിലെടുക്കാതെയായിരുന്നു പുറപ്പെട്ടത്. സമരകേന്ദ്രമായ ഇടിന്തകരൈയിൽ വി.എസ് എത്താതിരിക്കാൻ പൊലീസ് മുൻകരുതലുമെടുത്തിരുന്നു. കളിയിക്കാവിളയിൽ തമിഴ്നാട് പൊലീസ് തടഞ്ഞു. യാത്ര ക്രമസമാധാന പ്രശ്നമുണ്ടാക്കുമെന്ന് എസ്.പി അറിയിച്ചതിനെതുടർന്ന് വി.എസ് പിൻവാങ്ങി. തമിഴ് ജനതയെ വെടിവച്ചും, തല്ലിച്ചതച്ചും ഒതുക്കാനാവില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രിയെ വി.എസ് അന്നുതന്നെ അറിയിച്ചു. കൂടംകുളത്തെ സ്ഥിതിഗതികൾ പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കണം. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണം ആണവനിലയം പ്രവർത്തിക്കേണ്ടതെന്നും അന്ന് വി.എസ് ആവശ്യപ്പെട്ടു.

വി.എസ് പകർന്നു നൽകിയ മലയാള ദീപം

മറ്റു സംസ്ഥാനങ്ങളിലെ മലയാളികൾ മലയാളം മറന്നു തുടങ്ങുന്നു എന്ന റിപ്പോർട്ട് വന്നതോടെ മുഖ്യമന്ത്രി വി.എസിന്റെ നടപടിയുണ്ടായി. കേരളത്തിന് പുറത്തു താമസിക്കുന്നവരെ മലയാളം പഠിപ്പിക്കുകയെന്ന ലക്ഷ്യത്തിൽ മലയാളം മിഷന്റെ തമിഴ്നാട് ചാപ്റ്റർ 2011ൽ അദ്ദേഹം ചെന്നൈയിൽ ഉദ്ഘാടനം ചെയ്തു.

2011 ൽ ചെന്നൈയിലെ ലക്ഷക്കണക്കിന് മലയാളികൾക്ക് താമസിക്കാനും കേരളീയ ഭക്ഷണം ലഭിക്കാനുമുള്ള കേന്ദ്രമായ കെ.ടി.ഡി.സി റെയ്ൻ ഡ്രോപ്സ് സാക്ഷാത്കരിച്ചതും വി.എസായിരുന്നു

കേരളം ആലപ്പുഴയിലേക്ക് എത്തിയ ദിവസം

ആലപ്പുഴ: കേരളം ആലപ്പുഴയിലേക്കെത്തിയ രാവും പകലുമായിരുന്നു ഇന്നലത്തേത്. സംസ്ഥാനത്തിലെ എല്ലാ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും രാജ്യത്തിന് പുറത്ത് നിന്നുപോലും വി.എസിനെ സ്നേഹിക്കുന്നവർ ഓടിയെത്തി. കാത്തിരിപ്പിന്റെ മുഴിച്ചിലോ, മഴയുടെ തണുപ്പോ ഒരു മനുഷ്യനെയും തളർത്തിയില്ല. ചൊവ്വാഴ്ച വൈകിട്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്ര ഇന്നലെ രാവിലെ 7.30നാണ് ജില്ലയിൽ പ്രവേശിച്ചത്. രാത്രി മുഴുവൻ കാത്തിരുന്ന ജനം ക്ഷീണം മറന്നാണ് വി.എസിനെ കാണാൻ ഓടിയെത്തിയത്.

വിലാപയാത്രയോട് അനുബന്ധിച്ച് കർശന ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്.
ഇരുഭാഗത്തുനിന്നുള്ള ദീർഘദൂര ബസുകൾ സംസ്കാരചടങ്ങുകൾ നടക്കുന്നതുവരെ ആലപ്പുഴ ബൈപ്പാസിലൂടെയാണ് കടത്തിവിട്ടത്. വിലാപയാത്ര വീട്ടിൽ നിന്നുപുറപ്പെട്ടപ്പോൾ എ.സി റോഡിലുടെയുള്ള വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളിയിൽ നിന്ന് അമ്പലപ്പുഴയിലെത്തി ദേശീയപാതയിലേക്ക് കയറുന്ന രീതിയിലായിരുന്നു ക്രമീകരണം. വി.എസിനോടുള്ള ആദരസൂചകമായി നഗരത്തിലെ കടകമ്പോളങ്ങൾ ഉച്ചകഴിഞ്ഞ് അടച്ചിട്ടു. സ്വകാര്യബസുകൾ സർവീസ് നിർത്തിവച്ചു.

റിക്രിയേഷൻ മൈതാനത്തെത്തിയ വാഹനങ്ങളിലെല്ലാം കടപ്പുറത്തെ മേൽപ്പാലത്തിന് താഴെയും കനാൽക്കരയിലുമാണ് പാർക്ക് ചെയ്തത്. ജനറൽ ആശുപത്രി ജംഗ്ഷനിലൂടെ ബീച്ച് റോഡിലെത്തി ആളെയിറക്കിയ ശേഷം കനാൽക്കരയിൽ പാർക്ക് ചെയ്യുന്ന തരത്തിലായിരുന്നു നിയന്ത്രണം. ചെറിയ വാഹനങ്ങൾക്ക് എസ്.ഡി കോളേജ് മൈതാനവും ചിന്മയ വിദ്യാലയ പരിസരവുമാണ് പാർക്കിംഗിനായി ഒരുക്കിയിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top