ആലപ്പുഴ: കാലവും ചരിത്രവും സാക്ഷിയായി നിൽക്കേ വി.എസ്. അച്യുതാനന്ദന്റെ ഭൗതികദേഹം അഗ്നിയിൽ ലയിച്ചു. മണ്ണിന്റെ സ്നേഹവും കരുതലും വിണ്ണോളമുയർത്തിയ സഖാവിനെ പിറന്ന മണ്ണ് നിറകണ്ണീരോടെ ഏറ്റുവാങ്ങി. കേരളം ഇന്നോളം ദർശിച്ചിട്ടില്ലാത്ത ജനസഞ്ചയം പ്രകൃതി തൂവിയ കണ്ണീർമഴയിൽ പ്രിയ നേതാവിന് അന്ത്യാഭിവാദ്യം നൽകി.
രക്തസാക്ഷിസ്മരണകൾ ഇരമ്പുന്ന ആലപ്പുഴ വലിയ ചുടുകാട്ടിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്നലെ രാത്രി 9.15 നായിരുന്നു സംസ്കാരം. 30 മണിക്കൂർ നീണ്ട വിലാപയാത്രയ്ക്കൊടുവിൽ പതിനായിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നുതിർന്ന ’കണ്ണേ കരളേ” വിളികൾ അന്തരീക്ഷത്തിൽ മുഴങ്ങവെ മകൻ വി.എ. അരുൺ കുമാർ ചിതയിലേക്ക് അഗ്നി പകർന്നു. ആലംബം നഷ്ടമായവരുടെ ആർത്തനാദംപോലെ ജനക്കൂട്ടം അലറിവിളിച്ചു , ’’ഞങ്ങടെ ചങ്കിലേ റോസാപ്പൂവേ, ഇല്ലാ, ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ…””
ആർത്തലച്ചു പെയ്യുന്ന മഴയെ വകവയ്ക്കാതെ അനുയായികൾ പിന്നെയും ഇൻക്വിലാബ് മുഴക്കി. പ്രിയതമ വസുമതി അച്യുതാനന്ദനും മകൾ വി.വി.ആശയും വിങ്ങിപ്പൊട്ടി.
ചിതയ്ക്കരികിൽ നിന്ന മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി ജനറൽ സെക്രട്ടറി എം.എ.ബേബിയും വിങ്ങുന്ന മനസോടെ യാത്രാമൊഴിയേകി. വലിയ ചുടുകാട്ടിലേക്ക് മന്ത്രിമാർക്കും പാർട്ടി നേതാക്കൾക്കും ജനപ്രതിനിധികൾക്കും മാത്രമായിരുന്നു പ്രവേശനം. വി.എസിന്റെ ഭൗതികദേഹം ചിതയിലേക്ക് എടുത്തതോടെ എല്ലാ നിയന്ത്രണങ്ങളും തകർത്ത് ജനക്കൂട്ടം ഇരച്ചുകയറി.
ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിനുശേഷം രാത്രി 8.50 ഓടെയാണ് വിലാപ യാത്ര വലിയചുടുകാട്ടിലേക്ക് എത്തിയത്.
പോരാട്ടനായകന് പ്രകൃതി നൽകുന്ന റെഡ് സല്യൂട്ട് പോലെ മഴ ഉറച്ചുപെയ്തു. കാറ്റ് ചുറ്റിയടിച്ചു. മകൻ അരുൺകുമാറും, മരുമകൻ ഡോ.തങ്കരാജും പാർട്ടി നേതാക്കളും ചേർന്നാണ് ഭൗതിക ശരീരം അടങ്ങിയ പേടകം വാഹനത്തിൽനിന്ന് പുറത്തേക്കെടുത്തത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും ജില്ലാക്കമ്മിറ്രി അംഗങ്ങളും ചേർന്ന് ഭൗതികശരീരം ചിതയിലേക്ക് കൊണ്ടുവന്നു. വലിയചുടുകാടിന്റെ പ്രവേശന കവാടത്തിന് ഇടതുവശത്താണ് ചിതയൊരുക്കിയത്. പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകിയതിനുപിന്നാലെ മകൻ വി.എ.അരുൺകുമാർ ചിതയിലേക്ക് അഗ്നി പകർന്നു.
മഴയിലും ജ്വലിച്ച് വി.എസ്
ആലപ്പുഴ: ആർത്തുപെയ്ത മഴയെ അവഗണിച്ചെത്തിയ ജനസാഗരത്തെ സാക്ഷിയാക്കി വി.എസിന് വലിയ ചുടുകാട്ടിൽ യാത്രാമൊഴി. തിരക്ക് നിയന്ത്രിക്കാൻ ചുടുകാട്ടിനുള്ളിലേക്കുള്ള പ്രവേശനം വി.എസിന്റെ ബന്ധുക്കൾ, എം.പിമാർ, എം.എൽ.എമാർ, വിവിധ രാഷ്ട്രീയ പാർട്ടി സംസ്ഥാന, ദേശീയ നേതാക്കൾ എന്നിവർക്കായി പരിമിതപ്പെടുത്തിയിരുന്നു.
ഉച്ചയോടെതന്നെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പാർട്ടി പ്രവർത്തകരടക്കം ചെങ്കൊടികളേന്തി ചുവന്ന പുഴപോലെ ഇവിടേക്ക് ഒഴുകിയെത്തി. രാത്രി 8.20ന് വി.എസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര ഇവിടേക്ക് തിരിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെ ഉച്ചത്തിൽ മുദ്രാവാക്യം മുഴങ്ങി. ‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി.എസ് മരിക്കുന്നില്ല…’
നാല് മണിയോടെ ഭൗതികദേഹം വലിയചുടുകാട്ടിലെത്തിച്ച് അഞ്ചോടെ സംസ്കാരം നടത്താനായിരുന്നു ആലോചന. എന്നാൽ, ഒഴുകിയെത്തിയ ജനസാഗരം കണക്കുകൂട്ടലുകൾ തെറ്റിച്ചു. വി.എസിന്റെ ഭൗതികദേഹം വഹിച്ചുള്ള വിലാപയാത്ര എത്തിയപ്പോൾ രാത്രി 8.45. തുടർന്ന് 9.02ന് ഭൗതികദേഹം ചിതയ്ക്കരികിലെത്തിച്ച് സംസ്കാര ചടങ്ങുകൾ ആരംഭിച്ചു.
കേരളം ആലപ്പുഴയിലേക്ക് എത്തിയ ദിവസം
കേരളം ആലപ്പുഴയിലേക്കെത്തിയ രാവും പകലുമായിരുന്നു ഇന്നലത്തേത്. സംസ്ഥാനത്തിലെ എല്ലാ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും രാജ്യത്തിന് പുറത്ത് നിന്നുപോലും വി.എസിനെ സ്നേഹിക്കുന്നവർ ഓടിയെത്തി. കാത്തിരിപ്പിന്റെ മുഴിച്ചിലോ, മഴയുടെ തണുപ്പോ ഒരു മനുഷ്യനെയും തളർത്തിയില്ല. ചൊവ്വാഴ്ച വൈകിട്ടെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന വിലാപയാത്ര ഇന്നലെ രാവിലെ 7.30നാണ് ജില്ലയിൽ പ്രവേശിച്ചത്. രാത്രി മുഴുവൻ കാത്തിരുന്ന ജനം ക്ഷീണം മറന്നാണ് വി.എസിനെ കാണാൻ ഓടിയെത്തിയത്.
വിലാപയാത്രയോട് അനുബന്ധിച്ച് കർശന ഗതാഗത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്.
ഇരുഭാഗത്തുനിന്നുള്ള ദീർഘദൂര ബസുകൾ സംസ്കാരചടങ്ങുകൾ നടക്കുന്നതുവരെ ആലപ്പുഴ ബൈപ്പാസിലൂടെയാണ് കടത്തിവിട്ടത്. വിലാപയാത്ര വീട്ടിൽ നിന്നുപുറപ്പെട്ടപ്പോൾ എ.സി റോഡിലുടെയുള്ള വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളിയിൽ നിന്ന് അമ്പലപ്പുഴയിലെത്തി ദേശീയപാതയിലേക്ക് കയറുന്ന രീതിയിലായിരുന്നു ക്രമീകരണം. വി.എസിനോടുള്ള ആദരസൂചകമായി നഗരത്തിലെ കടകമ്പോളങ്ങൾ ഉച്ചകഴിഞ്ഞ് അടച്ചിട്ടു. സ്വകാര്യബസുകൾ സർവീസ് നിർത്തിവച്ചു.
റിക്രിയേഷൻ മൈതാനത്തെത്തിയ വാഹനങ്ങളിലെല്ലാം കടപ്പുറത്തെ മേൽപ്പാലത്തിന് താഴെയും കനാൽക്കരയിലുമാണ് പാർക്ക് ചെയ്തത്. ജനറൽ ആശുപത്രി ജംഗ്ഷനിലൂടെ ബീച്ച് റോഡിലെത്തി ആളെയിറക്കിയ ശേഷം കനാൽക്കരയിൽ പാർക്ക് ചെയ്യുന്ന തരത്തിലായിരുന്നു നിയന്ത്രണം. ചെറിയ വാഹനങ്ങൾക്ക് എസ്.ഡി കോളേജ് മൈതാനവും ചിന്മയ വിദ്യാലയ പരിസരവുമാണ് പാർക്കിംഗിനായി ഒരുക്കിയിരുന്നത്.
