തട്ടിപ്പിന് വാതിൽ തുറന്ന് ദേവസ്വം കണക്കെടുപ്പ്

ആലപ്പുഴ: ശബരിമല സ്വർണത്തട്ടിപ്പിൽ പ്രതിക്കൂട്ടിലായ തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഓഡിറ്റിംഗ് വഴിപാടുമാത്രം. ഇത് അഴിമതിക്കും വൻ തട്ടിപ്പുകൾക്കും തണലാകുന്നു. കോടാനുകോടിരൂപ വരവുള്ള ശബരിമലയടക്കം 23 മേജർ ക്ഷേത്രങ്ങളും 1250 മൈനർ ക്ഷേത്രങ്ങളുമുണ്ട് ബോർഡിനുകീഴിൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം 1340 സ്ഥാപനങ്ങൾ. ഇവിടങ്ങളിലെ അഴിമതിയും തിരിമറിയും അടക്കം കണ്ടെത്താനും നിജസ്ഥിതി വ്യക്തമാക്കാനുമുള്ള ഓഡിറ്റിംഗിനുള്ളത് ഒരു ജോയിന്റ് ഡയറക്ടറുടെ കീഴിൽ 35 ജീവനക്കാർ മാത്രം! ട്രാവൻകൂർ, കൊച്ചിൻ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആക്ട് 195 (ആക്ട് XVഒഫ് 1950) സെക്ഷൻ 32 പ്രകാരം കേരള ഹൈക്കോടതി ഉത്തരവിൽ 1952 സെപ്തം.15ന് ആരംഭിച്ച ഓഡിറ്റിംഗ് സംവിധാനത്തിനാണ് ഈ ദുർഗതി.

ഓഡിറ്റിംഗ് സംവിധാനം ആരംഭിച്ചശേഷം ക്ഷേത്രങ്ങളും വരുമാനവും എത്രയോ ഇരട്ടിയായി. അതിനനുസരണമായ സംവിധാനങ്ങൾ നടപ്പിലായില്ല. ബോർഡിനുകീഴിൽ 246 ദേവസ്വം സബ്ഗ്രൂപ്പുകളുണ്ട്. ഇതിൽ ഒരുകോടിയിലധികം വാർഷികവരവുള്ള 23 അഡ്മിനിസ്ട്രേഷൻ ഓഫീസർ ഗ്രേഡ് (എ.ഒഗ്രേഡ്) ദേവസ്വങ്ങളും 223 സാധാരണ സബ്ഗ്രൂപ്പ് ദേവസ്വങ്ങളും ഉൾപ്പെടുന്നു. കഴിഞ്ഞ വർഷം നൂറിൽ താഴെ ഗ്രൂപ്പുകളിലായിരുന്നു ഓഡിറ്റിംഗ്. 146 ലധികം ഓഫീസുകൾ ഓഡിറ്റിംഗിൽ നിന്നൊഴിവായി! എ.ഒ ഗ്രേഡ് ദേവസ്വങ്ങളിൽ എല്ലാവർഷവും ഓഡിറ്റിംഗുണ്ടെങ്കിലും ഫലപ്രദമാകുന്നില്ലെന്നതിന്റെ തെളിവാണ് ശബരിമലയിലെ സ്വർണത്തട്ടിപ്പ്.

 കണക്കെടുപ്പ് 5 വർഷത്തിലൊരിക്കൽ

ഓരോ വർഷവും ഓഡിറ്റ് നടക്കാതെ ഒഴിവാക്കുന്ന അമ്പലങ്ങളെ റൊട്ടേഷൻ അടിസ്ഥാനത്തിൽ പിന്നീട് പരിഗണിക്കുന്നതാണ് നിലവിലെ രീതി. ഈവർഷം ഒരു ക്ഷേത്രത്തിൽ ഓഡിറ്റ് നടത്തിയാൽ അടുത്ത ടേൺ വരുന്നത് ശരാശരി അഞ്ചുവർഷത്തിന് ശേഷമായിരിക്കും. ജീവനക്കാർ ആവശ്യത്തിനില്ലാത്തതിനാൽ ആ വർഷത്തെ മാത്രം കണക്കുകളാകും പലപ്പോഴും പരിഗണിക്കുക.

തട്ടിപ്പറിയാൻ വഴിയില്ല

അമ്പലങ്ങളും ബോർഡ് ആസ്ഥാനവും തമ്മിൽ നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ തട്ടിപ്പുകളൊന്നും മേലധികാരികൾക്കോ സ്പെഷ്യൽ കമ്മിഷണർമാർക്കോ അറിയാൻ എളുപ്പമല്ല. അമ്പലക്കള്ളന്മാർക്ക് ഇത് തുണയാകുന്നു.

ക്ഷേത്രങ്ങളിൽ പലതിനും മാനുവൽ രസീതുകൾ ഉപയോഗിക്കുന്നതിനാൽ സമഗ്രമായ പരിശോധനയ്ക്ക് കൂടുതൽ സമയം വേണ്ടിവരും. ഓഡിറ്റ് ഓഫീസിൽ ഇ.ഫയൽ സംവിധാനം നടപ്പാക്കിയിട്ടില്ല. ദേവസ്വം ബോർഡിൽ കമ്പ്യൂട്ടറൈസേഷൻ ഫലപ്രദമല്ലാത്തതും ഓഡിറ്റർമാർക്ക് നിജസ്ഥിതി കണ്ടെത്താൻ തടസമാകുന്നു.

ഓഡിറ്റ് ഓഫീസ് ജീവനക്കാർ

(തസ്തിക, സ്ഥിരം, താത്കാലികം, ആകെ എന്ന ക്രമത്തിൽ )

ജോയിന്റ് ഡയറക്ടർ……………….1…….0………1

സീനിയർ ഡെ. ഡയറക്ടർ………1…….0………1

ഓഡിറ്റ് ഓഫീസർ…………………..4…….2………6

അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ…7…….0………7

സീനിയർ ഗ്രേഡ് ഓഡിറ്റർ……..7……..0………7

ഓഡിറ്റർ………………………………..0………8………8

കമ്പ്യൂട്ടർ അസി. ഗ്രേഡ് (രണ്ട്)…….1…….1……….2

ഓഫീസ് അറ്റൻഡന്റ്……………1……..1………2

അറ്റൻഡർ………………………………..1……..0………1

ആകെ…………………………………………………….35

ദേവസ്വങ്ങളിൽ എല്ലാ വരവുകളും രസീത് മുഖേനയാണ്. ഇതുവഴി കാണിക്കയായി ലഭിക്കുന്ന തുകയുടെ കൃത്യതയും അക്കൗണ്ടിംഗിന്റെ നിജസ്ഥിതിയും പരിശോധിക്കുന്നതാണ് ഓഡിറ്റിംഗ്. ദേവസ്വങ്ങളുടെയും ജീവനക്കാരുടെയും എണ്ണം, സാമ്പത്തികസ്ഥിതി, പദ്ധതി പ്രവർത്തനങ്ങൾ ഇവയെല്ലാം വർദ്ധിച്ചെങ്കിലും ഉത്തരവാദിത്വത്തിന് അനുസരിച്ച് ഓഡിറ്റ് നിർവഹണ സംവിധാനത്തിലോ, സ്റ്റാഫ് പാറ്റേണിലോ മാറ്റം വരുത്താത്തത് വ്യാപക ക്രമക്കേടുകൾക്ക് വഴിവയ്ക്കുന്നു.

  • മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചെന്ന് മന്ത്രി രാജേഷ്, സഭയുടെ നടുത്തളത്തിലിറങ്ങിയത് മന്ത്രിമാരെന്ന് സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിയമസഭയിൽ ആക്രമിക്കാൻ എം.എൽ.എമാരായ എ.പി.അനിൽകുമാറിനെയും ടി.സിദ്ധിഖിനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞുവിട്ടെന്ന് മന്ത്രി എം.ബി.രാജേഷ് ആരോപിച്ചു.

ചോദ്യോത്തര വേള ശാന്തമായി തുടരവേ രണ്ടു പേരെ മുഖ്യമന്ത്രിക്ക് മുന്നിലേക്ക് വിട്ടു. അവർ മുഖ്യമന്ത്രിക്ക് മുന്നിലെത്തി ആക്രമിക്കാൻ ശ്രമിച്ചു. ക്രിയാത്മക പ്രതിപക്ഷം അക്രമാക്തമക പ്രതിപക്ഷമായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സ തുടരുന്ന ഉമാ തോമസിനെ പ്രതിഷേധത്തിന് മുന്നിൽ മനുഷ്യ കവചമായി ഉപയോഗിക്കുന്ന ഹൃദയശൂന്യതയാണ്

പ്രതിപക്ഷം കാട്ടിയതെന്നും രാജേഷ് ആരോപിച്ചു.

അതേസമയം, മന്ത്രിമാരായ സജി ചെറിയാൻ, മുഹമ്മദ് റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ഭരണപക്ഷമാണ് നടുത്തളത്തിലിറങ്ങി പ്രശ്നമുണ്ടാക്കിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷ സമരം നേരിടാനും സഭാനടപടികൾ സ്തംഭിപ്പിക്കാനും ഭരണപക്ഷം വാച്ച് ആൻഡ് വാർഡിനെ നടുത്തളത്തിലിറക്കി. വനിതാ അംഗങ്ങളെ അവർ തള്ളി മാറ്റി. പ്രതിപക്ഷം മുഖ്യമന്ത്രിയോട് മാന്യമായാണ് പെരുമാറിയത്. മന്ത്രിമാർ നടുത്തളത്തിലിങ്ങിയില്ലെന്ന് സ്പീക്കർ എ.എൻ.ഷംസീർ പറഞ്ഞതോടെ സതീശൻ പ്രകോപിതനായി. ”അത് നിങ്ങളാണോ തീരുമാനിക്കുന്നത്. ആ കസേരയിലിരുന്ന് കള്ളം പറയരുത്”- സതീശൻ സ്പീക്കറോട് പറഞ്ഞു. സതീശന്റെ മൈക്ക് ഓഫ് ചെയ്ത് മന്ത്രി രാജേഷിന് പ്രസംഗിക്കാൻ അവസരം നൽകിയതോടെ സഭ ബഹിഷ്കരിക്കുകയാണെന്ന് സതീശൻ പറഞ്ഞു.

 ആക്രമിച്ചത് 3അംഗങ്ങൾ: മുഖ്യമന്ത്രി

മൂന്ന് പ്രതിപക്ഷ അംഗങ്ങൾ വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചെന്ന് മുഖ്യമന്ത്രി പിണറായിവിജയനും വ്യക്തമാക്കി. അവരും മനുഷ്യരാണ്. വല്ലാത്ത സമ്മർദ്ദത്തിലായിപ്പോയി. ഒരു വാച്ച് ആൻഡ് വാർഡ് ക്ഷീണഭാവത്തിലായി. നാല് എം.എൽ.എമാർ അവരെ പിടിച്ചുവലിച്ചു. നിശബ്ദജീവികളായ വാച്ച് ആൻഡ് വാർഡിനെ ആക്രമിച്ചതെന്തിനാണ് ? ഇതെല്ലാം താൻ കണ്ടതാണ്. സ്പീക്കർ ഉചിതമായ നടപടിയെടുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

‘സ്പീക്കറുടെ മുഖംമറച്ച് ആക്ഷേപ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. മഹാരഥന്മാർ ഇരുന്ന നിയമസഭയാണിത്. സഭ തടസപ്പെടാതിരിക്കാനാണ് വാച്ച് ആൻഡ് വാർഡ് നടുത്തളത്തിലിറങ്ങിയത്. സഭ നടത്തിക്കൊണ്ടുപോകാനുള്ള സർക്കാരിന്റെ താത്പര്യം സംരക്ഷിക്കേണ്ടത് സ്പീക്കറാണ്. ഇത്തരം നിർഭാഗ്യകരമായ സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കരുത് ”

– എ.എൻ. ഷംസീർ, സ്‌പീക്കർ

സഭയിൽ നാടകീയ രംഗങ്ങൾ: പോര് വിളിച്ച് ഇരു പക്ഷവും

തിരുവനന്തപുരം : ശബരിമല സ്വർണപ്പാളി വിഷയത്തെച്ചൊല്ലി ഭരണ, പ്രതിപക്ഷാംഗങ്ങൾ ഏറ്റമുട്ടിയതോടേ, നിയമസഭയിൽ അസാധാരണ രംഗങ്ങൾ. സ്പീക്കറുടെ മുഖം മറച്ച് ബാനറുകളുമായി ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച് പ്രതിപക്ഷം.ഒരു ഘട്ടത്തിൽ ഇരുപക്ഷവും കൈയ്യേറ്റത്തിന്റെ വക്കിലെത്തിയപ്പോൾ വാച്ച് ആൻഡ് വാർഡ് ഇരുപക്ഷത്തിനും നടുവിൽ മതിൽ തീർത്തു. സ്‌പീക്കർ താത്കാലികമായി സഭ നിറുത്തി വച്ചെങ്കിലും ഇരുപക്ഷവും 15 മിനിട്ടോളം പരസ്പരം പരിഹസിച്ചും ആക്ഷേപങ്ങൾ ചൊരിഞ്ഞും വാക്കേറ്റത്തിലേർപ്പെട്ടു. പിന്നീട് ശൂന്യവേളയിൽ സഭാ നടപടികൾ പുനരാരംഭിച്ചെങ്കിലും പ്രതിപക്ഷ നേതാവിന്റെ പ്രസംഗം ഭരണപക്ഷം തടസപ്പെടുത്തിയതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.

സ്വർണ്ണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രി രാജി വയക്കണമെന്നാവശ്യപ്പെട്ടുള്ള ബാനറും പ്ലക്കാർഡുകളുമായാണ് പ്രതിക്ഷം ഇന്നലെയും സഭയിലെത്തിയത്. ചോദ്യോത്തരവേളയുടെ തുടക്കത്തിൽ തന്നെ , പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ദേവസ്വം മന്ത്രി രാജി വയ്ക്കുകയും, ദേവസ്വം ബോർഡ് അംഗങ്ങളെ പുറത്താക്കുകയും ചെയ്യുന്നത് വര സഭാ നടപടികളുമായി സഹരിക്കില്ലെന്ന് വ്യക്തമാക്കി.സഭയിൽ കാര്യങ്ങൾ ഉന്നയിക്കാൻ ശരിയായ രീതിയുണ്ടെന്നും നോട്ടീസ് ഉന്നയിക്കാമല്ലോയെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. പ്രതിപക്ഷ നിലപാടിൽ സ്‌പീക്കറും ക്ഷുഭിതനായി. സഭാ ഗ്യാലറിയിൽ മുഴുവൻ

വിദ്യാർത്ഥികളായിരുന്നു.സ്‌പീക്കറുടെ മുഖം മറച്ചുള്ള പ്രതിഷേധമാണോ കുട്ടികൾ കണ്ട് പഠിക്കേണ്ടതെന്ന് സ്‌പീക്കർ ചോദിച്ചു.

യു.ഡി.എഫ്

ചോർ ഹേ

ബഹളത്തിനിടെ ചോദ്യോത്തരവേളയിൽ മന്ത്രി മുഹമ്മദ് റിയാസ് സംസാരിക്കവെ പ്രതിപക്ഷത്തെ കള്ളന്മാരെന്ന് വിളിച്ച് മന്ത്രി വി.ശിവൻകുട്ടി രംഗത്തെത്തി. ‘ചോർ ഹേ, യു.ഡി.എഫ് ചോർ ഹേ’ എന്ന മുദ്രാവാക്യം മുഴക്കിയതോടെ ,വി.ശിവൻകുട്ടിയുടെ നിയമസഭയിലെ പഴയ പ്രതിഷേധ ചിത്രം പ്രതിപക്ഷം ഉയർത്തിക്കാട്ടി. കെ.കെ.രമയും കെ.രാജനും തമ്മിൽ വാക്കേറ്റമായി. ഡയസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രതിപക്ഷവും വാച്ച് ആൻഡ് വാർഡും തമ്മിൽ ഉന്തും തള്ളുമായി. ഇതിനിടെ എ.പി.അനിൽകുമാർ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ നിന്ന് പ്രതിഷേധിച്ചതോടെ മന്ത്രിമാരായ സജി ചെറിയാൻ, മുഹമ്മദ് റിയാസ്, കെ.രാജൻ എന്നിവരുടെ നേതൃത്വത്തിൽ ഭരണപക്ഷം മുഖ്യമന്ത്രിക്ക് പ്രതിരോധം തീർത്തു. വാച്ച് ആൻഡ് വാർഡിനെ ആക്രമിക്കാൻ ശ്രമിച്ച റോജി എം ജോണിനെ സഭയിൽ നിന്ന് പുറത്താക്കണമെന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top