കോഴിക്കോട്: ആതുരസേവന മേഖലെയെ വീണ്ടും കടുത്ത ആശങ്കയിലും ഭീതിയിലുമാക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ ആക്രമണം.കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറും അസി. സർജനുമായ ഡോ.പി.ടി. വിപിന് (35) തലയ്ക്ക് മാരക വെട്ടേറ്റു.
മസ്തിഷ്ക ജ്വരം ബാധിച്ച ഒൻപതു വയസുള്ള തന്റെ മകൾ മരിച്ചത് ഡോക്ടർമാരുടെ വീഴ്ച കൊണ്ടാണെന്ന ധാരണയിൽ പിതാവ് ആക്രമിക്കുകയായിരുന്നു.
താമരശ്ശേരി കോരങ്ങാട് ആനപ്പാറപ്പൊയിൽ വീട്ടിൽ സനൂപാണ് (സുനൂപ് -40) ആക്രമിച്ചത്. ഡോ. വിപിനായിരുന്നില്ല സനൂപിന്റെ മകളെ ചികിത്സിച്ചിരുന്നത്. വിപിനെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയോട്ടിക്ക് പൊട്ടലുള്ളതിനാൽ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. നാലു തുന്നലിട്ടു. മുറിവിന് ഏഴു സെന്റീ മീറ്റർ ആഴമുണ്ട്.ആരോഗ്യനില തൃപ്തികരമാണ്.
ഇന്നലെ ഉച്ചയ്ക്ക് 1.45നാണ് സംഭവം. താമരശ്ശേരി താലൂക്ക് ആശുപത്രിയിലും ജില്ലയിലെ മറ്റ് ഗവ. ആശുപത്രികളിലും ഡോക്ടർമാരും ജീവനക്കാരും പണിമുടക്കി. കാഷ്വാലിറ്റി സേവനങ്ങളൊഴികെയുള്ളവ നിറുത്തിവച്ചു.
സൂപ്രണ്ടിനെ ആക്രമിക്കാനാണ് ബാഗിൽ ഒളിപ്പിച്ച കൊടുവാളുമായി വന്നത്. സൂപ്രണ്ട് മീറ്റിംഗിലായിരുന്നു. അതേ മീറ്റിംഗിൽ നിന്ന് രോഗിയുടെ ലാബ് റിപ്പോർട്ട് പരിശോധിക്കാൻ ഇറങ്ങി വന്നതായിരുന്നു ഡോ.വിപിൻ. സൂപ്രണ്ടിന്റെ ഓഫീസിൽ കയറിയാണ് ലാബ് റിപ്പോർട്ട് വാങ്ങി പരിശോധിച്ചത്. ഡോക്ടറുമായി സംസാരിച്ചുകൊണ്ടു നിന്നവരുടെ തലയ്ക്ക് മുകളിലൂടെ കൊടുവാൾ കൊണ്ട് വെട്ടുകയായിരുന്നു. കൂർത്ത അഗ്രഭാഗമാണ് തുളഞ്ഞു കയറിയത്. ഡോക്ടർതന്നെ അക്രമിയെ തടഞ്ഞു. മറ്റുമുള്ളവർ ഓടിയെത്തി കീഴടക്കി. തലശേരി സ്വദേശിയായ ഡോക്ടർ കോഴിക്കോടാണ് താമസം.
സൂപ്രണ്ടെന്ന് തെറ്റിദ്ധരിച്ച് ആക്രമണം
രാവിലെ പതിനൊന്നരയോടെ സനൂപ് ആശുപത്രിയിലെത്തിയിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു. ഡോ.ഗോപാലകൃഷ്ണനെ കാണാനെന്നു പറഞ്ഞ് ഓഫീസ് മുറിയിലെത്തി കാത്തിരുന്നു
അവിടേക്ക് ഡോ.വിപിൻ കടന്നുവന്നപ്പോൾ സൂപ്രണ്ടാണെന്ന ധാരണയിൽ ആക്രമിക്കുകയായിരുന്നു. കഴിഞ്ഞദിവസവും ആശുപത്രിയിൽ എത്തിയിരുന്നു
ആശുപത്രിയിൽ സനൂപിന്റെ ഭാര്യ റംബീസയും മറ്റു രണ്ടു മക്കളും ഒപ്പമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിന് മുമ്പ് അവർ അവിടെ നിന്ന് പോയി
താമരശ്ശേരി ഡി.വെെ.എസ്.പി പി. ചന്ദ്രമോഹന്റെ നിർദ്ദേശപ്രകാരം പൊലീസ് പാഞ്ഞെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.വധശ്രമത്തിന് കേസെടുത്തു
തൃശൂർ സ്വദേശിയാണ് സനൂപ്. രണ്ട് പതിറ്റാണ്ട് മുമ്പാണ് താമരശ്ശേരിയിലെത്തിയത്. ബാർബറായിരുന്നു. പച്ചക്കറി കച്ചവടവുമുണ്ടായിരുന്നു. കൂലിപ്പണിക്കും പോകും
രോഗം തിരിച്ചറിഞ്ഞില്ലെന്ന്
ഒമ്പതു വയസുകാരി അനയ ആഗസ്റ്റ് 14നാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പനിയെ തുടർന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സ തേടിയത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിച്ചു.
താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ ഗുരുതരാവസ്ഥയെപ്പറ്റി യഥാസമയം അറിയിച്ചില്ലെന്നും അവസാന നിമിഷം കെെയൊഴിഞ്ഞെന്നും കുടുംബം പരാതിപ്പെട്ടിരുന്നു. ഇത് ആശുപത്രി അധികൃതർ നിഷേധിച്ചിരുന്നു.
ഉറപ്പുകൾ ജലരേഖ, ഡോക്ടർമാരുടെ ജീവൻ ഇന്നും തുലാസിൽ
താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിന് നേരെയുണ്ടായ ആക്രണത്തിന്റെ നടുക്കത്തിലാണ് ആരോഗ്യരംഗം. 95 ശതമാനം മരണസാദ്ധ്യയുള്ള അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ രക്ഷിതാവ് ആശുപത്രിയിലെത്തി ഡോക്ടറെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് കേരളത്തിലാണെന്ന് ഓർക്കണം.
ആരോഗ്യ കേരളത്തിനായി രക്തസാക്ഷിയായ ഡോ. വന്ദനാദാസിന്റെ രക്തപ്പാടുകൾ കേരളത്തിന്റെ മനസാക്ഷിയിൽ നിന്ന് മായില്ല. അന്ന് ആരോഗ്യപ്രവർത്തകരുടെ രക്ഷയ്‌ക്കായി സർക്കാർ മുന്നിട്ടിറങ്ങി. കെ.ജി.എം.ഒ.എയുൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ സംഘടനകൾ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കായി മുറവിളിച്ച ഘട്ടത്തിലായിരുന്നു ഡോ. വന്ദനയുടെ വേർപാട്. അന്ന് ലഭിച്ച സർക്കാർ ഉറപ്പുകളിൽ ഒന്നൊഴിച്ച് ബാക്കിയെല്ലാം ജലരേഖയായത് വേദനാജനകമാണ്. ആശുപത്രി സംരക്ഷണ നിയമം പുതുക്കിയത് മാത്രമാണ് പാലിച്ച ഉറപ്പ്. പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റ്, എസ്.ഐ.എസ്.എഫുകാരെ കാവൽ, എല്ലയിടങ്ങളിലും സി.സി ടിവി, വിരമിച്ച സൈനികരെ സുരക്ഷാ ജീവനക്കാരായി നിയമിക്കൽ തുടങ്ങിയവ നടപ്പായില്ല.
സർക്കാർ ആശുപത്രികളിൽ ആർക്കും എപ്പോഴും കടന്നുവരാവുന്ന സാഹചര്യമാണിപ്പോൾ. ഭൂരിപക്ഷം ആശുപത്രികളിലെയും കാവൽക്കാർ പ്രായമുള്ള വ്യക്തികളാണ്. വിരമിച്ച പട്ടാളക്കാരെ നിയോഗിച്ചാൽ ഉയർന്ന ശമ്പളം നൽകണമെന്നും അതിന് തദ്ദേശസ്ഥാപനങ്ങൾക്ക് പണമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലുള്ള നിയമനം നടത്തുന്നത്. വടിവാളുമായി വെട്ടാൻ തക്കംനോക്കിയിരിക്കുന്നവരിൽ നിന്ന് ആരോഗ്യപ്രവർത്തകരുടെ ജീവൻ രക്ഷിക്കാൻ ഇത്തരം സുരക്ഷാ ജീവനക്കാർക്ക് എങ്ങനെ സാധിക്കും? കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഏറെയും സ്ത്രീകളാണ്. അർദ്ധരാത്രിയും ഓരോ ജീവൻ രക്ഷിക്കാനായി നെട്ടോട്ടമോടുന്ന ഇക്കൂട്ടരെ രക്ഷിക്കാൻ യാതൊരു നടപടിയുമുണ്ടാകാത്തത് ദുഃഖകരമാണ്.
ക്യൂ നിൽക്കുന്ന അത്യാഹിതം!
രാത്രിയിലും അത്യാഹിത വിഭാഗങ്ങളിൽ ക്യൂ നിൽക്കുന്ന ആളുകൾ കേരളത്തിലെ മാത്രം കാഴ്ചയാകും. ചുമയും ജലദോഷവുമുൾപ്പെടെ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ രാത്രികാലങ്ങളിൽ അത്യാഹിതമാണ്. ഇതിനിടയിൽ പൊലീസ് പ്രതികളുമായെത്തിയാൽ അതിന്റെ പിന്നാലെയാകും ഡോക്ടർ. അപ്പോഴേക്കും അത്യാഹിതത്തിലെ ക്യൂവിലുള്ളവരുടെ സമീപനം മാറും. അതും ഡോക്ടർമാരുടെ നേർക്കാണ്. ഈ സാഹചര്യം നേരിടാനാണ് തിരക്കുള്ള ആശുപത്രികളിലെല്ലാം രണ്ട് ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെ നിയോഗിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ വച്ചത്. അതും നടപ്പായില്ല.
ജീവൻരക്ഷിക്കുന്നതോ ഞങ്ങളുടെ തെറ്റ് ?
എല്ലാരോഗികളെയും ചികിത്സിച്ച് ഭേദമാക്കണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ആഗ്രഹം. എന്നാൽ രോഗത്തിന്റെ സങ്കീർണതയും അപകടാവസ്ഥയും മരണവും ഡോക്ടർമാരുടെ കൈയിലല്ല. അത് സർക്കാർ ആശുപത്രിയിൽ മാത്രമല്ല വൻകിട കോർപറേറ്റ് ആശുപത്രിയിലായാലും സ്ഥിതിവഷളായാൽ മരണം സംഭവിക്കും. സർക്കാർ ഡോക്ടർമാരുടെ ചോരയ്ക്കായി ദാഹിക്കുന്ന ഒരുകൂട്ടർ സമൂഹത്തിലുണ്ട്. രാപ്പകലില്ലാതെ ജീവൻരക്ഷിക്കാൻ പണിപ്പെടുന്നതാണോ ഞങ്ങൾ ചെയ്യുന്ന തെറ്റ്.
- താമരശ്ശേരി അക്രമം: സർക്കാർ ഡോക്ടർമാർ ഇന്ന് പ്രതിഷേധിക്കും
തിരുവനന്തപുരം: താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർക്കെതിരായ ആക്രമണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനവ്യാപകമായി സർക്കാർ ഡോക്ടർമാർ പ്രതിഷേധിക്കും. രോഗീപരിചരണം ഒഴികെയുള്ള സേവനങ്ങളിൽ നിന്ന് വിട്ടു നിൽക്കും. കോഴിക്കോട് ജില്ലയിൽ അത്യാഹിത വിഭാഗങ്ങൾ മാത്രം പ്രവർത്തിക്കും. ഇന്നലെ കോഴിക്കോട് ജില്ലയിലെ ആശുപത്രികളിൽ ഉച്ചയ്ക്കുശേഷം ഡോക്ടർമാർ മിന്നൽ പണിമുടക്ക് നടത്തി. അത്യാഹിത വിഭാഗങ്ങൾ ഒഴികെയുള്ള സേവനങ്ങൾ തടസപ്പെട്ടു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ അത്യാഹിത സേവനങ്ങൾ അടക്കമുള്ള എല്ലാ സേവനങ്ങളും നിറുത്തിയായിരുന്നു സമരം.
കേരള ഗവ. മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.ഒ.എ) നേതൃത്വത്തിലാണ് ഇന്നത്തെ പ്രതിഷേധം. എല്ലാ ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ നടക്കും. ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളുണ്ടായില്ലെങ്കിൽ രോഗീപരിചരണം ഉൾപ്പെടെയുള്ള സേവനങ്ങൾ നിറുത്തിവെച്ചുള്ള വ്യാപകമായ പ്രക്ഷോഭങ്ങളിലേക്ക് കടക്കുമെന്ന് പ്രസിഡന്റ് ഡോ. സുനിൽ.പി.കെയും ജനറൽ സെക്രട്ടറി ഡോ. ജോബിൻ ജി.ജോസഫും അറിയിച്ചു.
കെ.ജി.എം.ഒ.എയുടെ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഡിക്കൽ കോളേജ് അദ്ധ്യാപക സംഘടനയായ കെ.ജി.എം.സി.ടി.എയും രംഗത്തെത്തി. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നവർക്ക് യഥാസമയം ശിക്ഷ ഉറപ്പാക്കിയില്ലെങ്കിൽ ഇത്തരം ആക്രമണങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്നും ഇത് സമീപഭാവിയിൽ സർക്കാർ ആശുപത്രികളുടെ തകർച്ചയിലേക്ക് നയിക്കുമെന്നും കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം.ടിയും ജനറൽ സെക്രട്ടറി ഡോ. അരവിന്ദ്.സി.എസും അറിയിച്ചു.
ഐ.എം.എയും സംസ്ഥാന വ്യാപകമായി ഇന്ന് പ്രതിഷേധ യോഗങ്ങൾ നടത്തും. ഡോക്ടർമാരെയും ജീവനക്കാരെയും ആക്രമിക്കുന്ന പ്രവണത വച്ചുപൊറുപ്പിക്കാൻ കഴിയില്ലെന്നും ഇനിയും അലംഭാവം കാട്ടിയാൽ കടുത്ത സമരത്തിലേക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ. കെ.എ.ശ്രീവിലാസനും സെക്രട്ടറി ഡോ. കെ.ശശിധരനും അറിയിച്ചു.
