പത്തനംതിട്ട: ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടികയറി കളഭം മൂടിയ അയ്യനെ മനംനിറഞ്ഞ് തൊഴുത സായൂജ്യവുമായി രാഷ്ട്രപതി ദ്രൗപദി മുർമു മലയിറങ്ങി. ഇന്നലെ രാവിലെ 11.47നാണ് രാഷ്ട്രപതി ശ്രീകോവിലിൽ തൊഴുതത്. രാവിലെ 8.30ന് ഹെലികോപ്ടറിൽ പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിലെത്തി. തുടർന്ന് കാറിൽ 10 മണിയോടെ പമ്പയിൽ.
പമ്പാ സ്നാനത്തിനുശേഷം ഗണപതി ക്ഷേത്രനടയിലാണ് കെട്ടുമുറുക്കിയത്. മരുമകൻ ഗണേഷ് ചന്ദ്ര ഹേമ്പ്രാം, സുരക്ഷാ ഉദ്യോഗസ്ഥരായ സൗരഭ് എസ്. നായർ, വിനയ് മാത്തൂർ എന്നിർക്കൊപ്പം ഇരുമുടിക്കെട്ടേന്തി പ്രത്യേകം തയ്യാറാക്കിയ ഗുർഖാവാഹനത്തിലേക്ക്. ആറ് ഗുർഖാ വാഹനങ്ങളാണ് ഒരുക്കിയിരുന്നത്. 11.15ന് സന്നിധാനത്തേക്ക് പുറപ്പെട്ടു. രാഷ്ട്രപതി സഞ്ചരിച്ച വാഹനത്തിന്റെ മുന്നിൽ ഇരുമുടിക്കെട്ടേന്തിയ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കയറി. 11.40ന് വാഹനം സന്നിധാനത്ത് താഴെതിരുമുറ്റത്ത് എത്തി.
സുരക്ഷാ ഉദ്യോഗസ്ഥന്റെ കൈ പിടിച്ച് പതിനെട്ടാംപടി കയറിയെത്തിയ രാഷ്ട്രപതിയെ 11.45ന് കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചു. തുടർന്ന് ബലിക്കൽപുരയിലേക്ക് ആനയിച്ചു. 11.47ന് ശ്രീകോവിൽ ദീപപ്രഭയിലാണ്ട അയ്യപ്പനെ വണങ്ങി. രാഷ്ട്രപതി സ്വാമി ശരണം എന്ന അയ്യപ്പ സ്തുതി ചൊല്ലി. മേൽശാന്തി അരുൺകുമാർ നമ്പൂതിരി ശ്രീകോവിലിൽ നിന്ന് എത്തിച്ച കർപ്പൂര ദീപം തൊഴുതു. മേൽശാന്തി ഇലയിൽ നൽകിയ പ്രസാദം രാഷ്ട്രപതി ഇരുകൈയും നീട്ടി വാങ്ങി. ചന്ദനം നെറ്റിയിൽ തൊട്ടു.
രാഷ്ട്രപതിയും സംഘവും നടയ്ക്കുവച്ച ഇരുമുടികൾ മേൽശാന്തി ശ്രീകോവിലിൽ പൂജിച്ചു. പത്ത് മിനിട്ടോളം ശ്രീകോവിലിന് മുന്നിൽ ഭക്തിയോടെ നിന്ന രാഷ്ട്രപതി കാണിക്കയിട്ട് വീണ്ടും അയ്യനെ തൊഴുതശേഷം ഉപദേവ പ്രതിഷ്ഠയായ ഗണപതിയെയും വണങ്ങി. 12 മണിയോടെ ഫ്ളൈ ഓവർ വഴി നടന്ന് മാളിപ്പുറം ദേവീക്ഷേത്രത്തിലും ദർശനം നടത്തി.
മണിമണ്ഡപത്തിന് മുന്നിലെത്തി ഐതീഹ്യം ചോദിച്ചറിഞ്ഞു. പിന്നാലെ നാഗരാജ ക്ഷേത്രത്തിലും നവഗ്രഹ ക്ഷേത്രത്തിലും ദർശനം നടത്തി. തുടർന്ന് വാവര് സ്വാമിയുടെ നടയിലുമെത്തി. വാവരുടെ പ്രതിനിധി ആചാരപരമായി അനുഗ്രഹിച്ചു. സന്നിധാനത്ത് വിശ്രമിക്കാതെ രാഷ്ട്രപതി പമ്പയിലേക്ക് മടങ്ങി.
ഗസ്റ്റ് ഹൗസിൽ ഉച്ചഭക്ഷണം കഴിഞ്ഞ് 2.30ന് കാറിൽ പ്രമാടത്തേക്ക്. 4.15ന് പ്രമാടത്ത് നിന്ന് രാഷ്ട്രപതി ഹെലികോപ്ടറിൽ തിരുവനന്തപുരത്തേക്ക് മടങ്ങി. മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിലാണ് യാത്രയാക്കിയത്.
- രാഷ്ട്രപതിക്ക് സുരക്ഷാവീഴ്ച; ഹെലിപ്പാഡിൽ പുതഞ്ഞ് കോപ്ടർ
പത്തനംതിട്ട: പെരുമഴ കണക്കിലെടുത്ത് മുന്നൊരുക്കം നടത്തിയില്ല. രാഷ്ട്രപതിയുടെ ഹെലികോപ്ടർ യാത്രയിൽ സുരക്ഷാ വീഴ്ച. രായ്ക്കുരാമാനം കോൺക്രീറ്റിട്ട ഹെലിപ്പാഡിൽ ഹെലികോപ്ടർ പുതഞ്ഞു. പൊലീസും ഫയർഫോഴ്സും ചേർന്ന് തള്ളിനീക്കുന്നത് ദേശീയ മാദ്ധ്യമങ്ങളിലടക്കം വാർത്തയായി. സോഷ്യൽ മീഡിയ ആഘോഷിച്ചു.
നേരത്തേ നിശ്ചയിച്ച നിലയ്ക്കലിൽ മൂടൽമഞ്ഞായതിനാൽ ഹെലികോപ്ടർ ഇറക്കാൻ കഴിയില്ലെന്ന് വ്യോമസേന വ്യക്തമാക്കിയതോടെയാണ് യാത്രയിൽ മാറ്റമുണ്ടായത്. റോഡുമാർഗമായാലും ശബരിമല ദർശനം നടത്തണമെന്ന് രാഷ്ട്രപതി ഉറപ്പിച്ചിരുന്നു.
തുടർന്ന് അർദ്ധരരാത്രിക്കു ശേഷം ധൃതിപിടിച്ച് പത്തനംതിട്ട നഗരത്തിനു പുറത്തുള്ള പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ ഹെലിപാഡ് തയ്യാറാക്കുകയായിരുന്നു. കോൺക്രീറ്റിൽ വന്നിറങ്ങിയ ഹെലികോപ്ടറിന്റെ പിൻചക്രം പുതഞ്ഞു.
നിലയ്ക്കലിൽ ഇറക്കാൻ കഴിയില്ലെന്ന് ചൊവ്വാഴ് രാത്രി ഒൻപതു മണിയോടെയാണ് വ്യോമസേന അറിയിച്ചത്. അർദ്ധരാത്രി തുടങ്ങിയ മൂന്ന് ഹെലിപ്പാഡുകളുടെ നിർമ്മാണം പുലർച്ചെ ആറ് മണിയോടെയാണ് പൂർത്തിയായത്. 8.33ന് കോപ്ടർ ലാൻഡ് ചെയ്തു.
പിന്നിലെ വലതുവശത്തെ ടയർ ചെറുതായി താഴ്ന്ന് തൊണ്ണൂറ് ഡിഗ്രി തിരിഞ്ഞു.ഇതു കാരണം മുന്നോട്ടു നീക്കാൻ കഴിഞ്ഞില്ല. രാഷ്ട്രപതി പമ്പയിലേക്ക് പുറപ്പെട്ടശേഷം പൊലീസും ഫയർഫോഴ്സും ചേർന്ന് തള്ളിനീക്കുകയായിരുന്നു.സാങ്കേതിക പ്രശ്നങ്ങളില്ലാതിരുന്നതിനാൽ ഈ കോപ്ടറിൽ തന്നെയാണ് രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങിയത്.
രണ്ടടി മാറി ലാൻഡിംഗ്
രണ്ട് ഇഞ്ച് കനത്തിലാണ് കോൺക്രീറ്റ് ചെയ്തത്. ടയർ ഒരു സെന്റീമീറ്റർ താഴ്ന്നു. എച്ച് മാർക്കിൽ നിന്ന് രണ്ടടിയോളം പിന്നിലേക്ക് മാറിയാണ് ലാൻഡ് ചെയ്തത്. ഇതാണ് ടയർ താഴ്ന്നുപോകാൻ കാരണമെന്ന് അധികൃതർ പറയുന്നു.
രാത്രി പന്ത്രണ്ടരയോടെയാണ് മിക്സിംഗ് യൂണിറ്റ് അടക്കം കൊണ്ടുവന്ന് പണി തുടങ്ങിയത്. രാവിലെ ആറുമണിയോടെയാണ് പൂർത്തിയായത്.12 മണിക്കൂറാവാതെ കോൺക്രീറ്റ് ഉറയ്ക്കില്ല. വേഗത്തിൽ ഉറയ്ക്കാനുള്ള രാസമിശ്രിതം കലർത്തിയായിരുന്നു കോൺക്രീറ്റ്.
വ്യോമസേനയുടെ നിർദ്ദേശ പ്രകാരം പൊതുമരാമത്ത് റോഡ് വിഭാഗമാണ് കോൺക്രീറ്റ് ചെയ്തത്. ചെളിയും പൊടിയും ഉണ്ടാകാത്ത രീതിയിൽ ഹെലിപ്പാഡ് തയ്യാറാക്കണമെന്നായിരുന്നു നിർദ്ദേശം.
മുന്നറിയിപ്പ് ഗൗനിച്ചില്ല
രാഷ്ട്രപതിയുടെ സന്ദർശനം ഒരു മാസം മുമ്പ് പമ്പയിൽ നടന്ന അയ്യപ്പ സംഗമത്തിൽ സർക്കാർ പ്രഖ്യാപിച്ചതാണ്. നിലയ്ക്കലിൽ ഹെലിപ്പാഡിന് ചുറ്റുമുള്ള മരങ്ങൾ വെട്ടിയും റോഡ് ടാർ ചെയ്തും ഒരുക്കം നടത്തി. തടസം നേരിട്ടാൽ പകരം ഹെലിപ്പാഡുകൾ ഒരുക്കിയിരുന്നില്ല. മഴ മുന്നറിയിപ്പുകൾ പരിഗണിച്ചില്ല. പത്തനംതിട്ടയിൽ പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോൾ സമീപത്തെ രണ്ടു കേന്ദ്രങ്ങളിൽ ഹെലിപാഡുകൾ ദിവസങ്ങൾക്ക് മുമ്പേ സജ്ജമാക്കിയിരുന്നു.
ഹെലികോപ്ടറിന്റെ ടയർ താഴ്ന്നതുകൊണ്ട് സുരക്ഷാ പ്രശ്നങ്ങളുണ്ടായിട്ടില്ല. ഹെലിപ്പാഡ് നിർമ്മാണത്തിൽ വ്യോമസേന അപകതകൾ ഉന്നയിച്ചിട്ടില്ല
-റവഡാ ചന്ദ്രശേഖർ
ഡി.ജി.പി
