ന്യൂഡൽഹി: ന്യൂഡൽഹി: ബീഹാറിൽ മഹാമുന്നണിയിലെ തർക്കം അയഞ്ഞു. കോൺഗ്രസ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ ധാരണയായി. ഇന്ന് വാർത്താസമ്മേളനത്തിൽ സംയുക്തമായി ഇക്കാര്യം പ്രഖ്യാപിക്കും. മഹാമുന്നണിയിലെ ഭിന്നത ഒഴിവാക്കാനാണ് തീരുമാനം എന്നാണ് റിപ്പോർട്ട്. 24ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തേജസ്വിയും സംയുക്ത റാലി നടത്താനും നീക്കമുണ്ട്.
മഹാസഖ്യത്തിൽ ഭിന്നത തുടരുന്നതിനിടെ തേജസ്വി ഇന്നലെ സ്വയം മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. അനുനയ നീക്കത്തിന്റെ ഭാഗമായി ഇന്നലെ കോൺഗ്രസ് നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെലോട്ടും സംസ്ഥാനത്തിന്റെ ചുമതലയുള്ള കൃഷ്‌ണ അല്ലവാരും ലാലു പ്രസാദ് യാദവിനേയും തേജസ്വിയേയും കണ്ടിരുന്നു. കഴിഞ്ഞദിവസം സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഫോണിൽ തേജസ്വിയുമായി സംസാരിച്ചതും നിർണായകമായി. ഇതോടെ
സീറ്റുവിഭജനമെന്താകുമെന്ന് വരുംദിവസങ്ങളിലറിയാം. വൈശാലി ജില്ലയിലെ ലാൽഗഞ്ചിൽ, കോൺഗ്രസ് സ്ഥാനാർത്ഥിയെ പിൻവലിച്ചതിനാൽ മത്സരം ഒഴിവായിരുന്നു. പ്രാൺപൂരിലും ധാരണയുണ്ടായേക്കുമെന്നിരിക്കെയാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നതായുള്ള വാർത്ത വരുന്നത്. നവംബർ 11ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള പത്രിക പിൻവലിക്കാനുള്ള സമയം ഇന്ന് പൂർത്തിയാകും.
വനിതാ വോട്ടർമാരെ ലക്ഷ്യമിട്ട് തേജസ്വി
അധികാരത്തിലെത്തിയാൽ ബീഹാറിലെ ജീവിക ദീദിമാർക്ക് 30,000 രൂപ പ്രതിമാസ ശമ്പളത്തോടെ സ്ഥിര ജോലി നൽകുമെന്ന് രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) നേതാവ് തേജസ്വി യാദവ് പ്രഖ്യാപിച്ചു. നിതീഷ് കുമാർ സർക്കാർ നടപ്പാക്കിയ വനിതകൾക്ക് 10,000 രൂപ നൽകുന്ന പദ്ധതിക്ക് ബദലായാണ് തേജസ്വിയുടെ പ്രഖ്യാപനം.
സ്വയം സഹായ ഗ്രൂപ്പുകൾ വഴി ഗ്രാമീണ വനിതകളെ ശാക്തീകരിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിലെ അംഗങ്ങളാണ് ജീവിക ദീദിമാർ. ജീവിക ദീദിമാരുടെ അടുത്ത രണ്ട് വർഷത്തെ വായ്പാ പലിശ എഴുതിത്തള്ളുമെന്നും ഈ കാലയളവിൽ പലിശ രഹിത ക്രെഡിറ്റ് 2,000 രൂപ അധിക അലവൻസ്, 5 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷ എന്നിവ ലഭിക്കുമെന്നും തേജസ്വി അറിയിച്ചു.
കരാർ തൊഴിലാളികളെ സ്ഥിരപ്പെടുത്തുമെന്നും രണ്ട് വർഷം വരെയുള്ള വായ്പകളുടെ പലിശ എഴുതിത്തള്ളുമെന്നും തേജസ്വി യാദവ് പ്രഖ്യാപിച്ചു. ഭവനം,ഭക്ഷണം,വരുമാനം(മാ-മക്കാൻ,അന്ന,ആംദാനി) പെൺകുട്ടികൾക്കായി ബേട്ടി(ബെനിഫിറ്റ്, എജ്യൂക്കേഷൻ, ട്രെയിനിംഗ്, ഇൻകം)എന്നീ ക്ഷേമ പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചു. കുടുംബങ്ങളെ ശക്തിപ്പെടുത്തി, ഉപജീവനമാർഗ്ഗം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതികളെന്ന് തേജസ്വി പറഞ്ഞു.
- മൊക്കാമയിൽ അധോലോകം വിധിയെഴുതും
ബീഹാറിൽ ജാതിരാഷ്‌ട്രീയം നിർണായകമെങ്കിലും മൊക്കാമ മണ്ഡലത്തിൽ ആരു ജയിക്കണമെന്ന് തീരുമാനിക്കുക അധോലോകം. തിരഞ്ഞെടുപ്പുകളിൽ ബൂത്തു കയ്യേറൽ,കള്ളവോട്ട്,അധോലോക സംഘങ്ങളുടെ ഏറ്റുമുട്ടൽ എന്നിവ പതിവുള്ള സ്ഥലം. അനന്ത് സിംഗ്(ജെ.ഡി.യു),സൂരജ്ബൻ സിംഗ്(ആർ.ജെ.ഡി) എന്നീ അധോലോക നേതാക്കളാണ് സർവ്വവും നിയന്ത്രിക്കുന്നത്.
ഏഴ് കൊലപാതക കേസുകൾ,തട്ടിക്കൊണ്ടുപോകൽ,ആയുധ നിയമ ലംഘനം അടക്കം 38 ക്രിമിനൽ കേസുകളിൽ പ്രതിയായ അനന്ത് സിംഗ് ‘ഛോട്ടേ സർക്കാർ’ എന്നാണ് അറിയപ്പെടുന്നത്. 2007ൽ അഭിമുഖത്തിനെത്തിയ രണ്ട് മാദ്ധ്യമ പ്രവർത്തകരെ ബന്ദികളാക്കിയ സംഭവത്തിലും പ്രതിയാണ്. ആഡംബര കാറുകൾ,കുതിരകൾ,തൊപ്പികൾ,സ്റ്റൈലൻ കണ്ണടകൾ എന്നിവ ദൗർബല്യം. 2005-2015വരെ ജെ.ഡി.യു ബാനറിലും 2020ൽ ആർ.ജെ.ഡി ബാനറിലും മൊക്കാമയിൽ ജയിച്ചു. 2022ൽ ആയുധ നിയമപ്രകാരം ശിക്ഷിക്കപ്പെട്ട് അയോഗ്യനായപ്പോൾ രാജിവച്ചു. തുടർന്ന് ഉപതിരഞ്ഞെടുപ്പിൽ ഭാര്യ നീലം ദേവിയെ മത്സരിപ്പിച്ച് ജയിപ്പിച്ചെങ്കിലും 2024ൽ ജെ.ഡി.യുവിലേക്ക് മാറി. 2024 ആഗസ്റ്റിൽ പാട്‌ന ഹൈക്കോടതി 2022ലെ കേസിൽ കുറ്റവിമുക്തനാക്കി.
അനന്ത് സിംഗ് കൂറുമാറിയപ്പോളാണ് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് മണ്ഡലത്തിലെ രണ്ടാമത്തെ അധോലോക നായകൻ സൂരജ്ഭാൻ സിംഗിനെ കൂട്ടുപിടിച്ചത്. പശുപതി കുമാർ പരസിന്റെ ആർ.എൽ.ജെ.പിയിൽ നിന്ന് രാജിവച്ചാണ് മുൻ എം.പി(ബാലിയ) കൂടിയായ സൂരജ്ഭാൻ,ആർ.ജെ.ഡിയിൽ ചേർന്നത്. അനന്ത് സിംഗിനെപ്പോലെ ഭൂമിഹാർ സമുദായത്തിന്റെ പിന്തുണയുമുണ്ട്.
അനന്ത് സിംഗിന്റെ മൂത്ത സഹോദരൻ ദിലീപ് സിംഗ് 1990-95 കാലത്ത് മൊക്കാമയിൽ ജയിച്ചിരുന്നു. അത്യാവശ്യം ക്രിമിനൽ പശ്ചാത്തലമുള്ള ഇദ്ദേഹം ആർ.ജെ.ഡി സർക്കാരിൽ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2000ൽ സ്വതന്ത്രനായി മത്സരിച്ച സൂരജ്ഭാൻ മണ്ഡലം പിടിച്ചെടുത്തു. ആ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ബീഹാറിലും യു.പിയിലും രജിസ്റ്റർ ചെയ്‌ത 26 ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു സൂരജ്ഭാൻ. 2008ൽ നടന്ന ഒരു കൊലക്കേസിൽ 2014ൽ ഹൈക്കോടതി കുറ്റക്കാരനെന്ന് വിധിച്ചതോടെ തിരഞ്ഞെടുപ്പ് അയോഗ്യതയും വന്നു. ഇദ്ദേഹത്തിന് ക്രിമിനൽ അയോഗ്യതയുണ്ട്. മുംഗർ മണ്ഡലത്തിൽ നിന്നുള്ള മുൻ എം.പി കൂടിയായ ഭാര്യ വീണാദേവിയാണ് ഇവിടെ സ്ഥാനാർത്ഥി. സൂരജ്ഭാനിന്റെ സഹോദരൻ കനയ്യ സിംഗ് ഇവിടെ ലോക് ജനശക്തി പാർട്ടിയുടെ സ്ഥാനാർത്ഥിയാണ്. പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടിയും മത്സരിക്കുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ 2.86% വരുന്ന ഭൂമിഹാർ സമുദായമാണ് വോട്ടർമാരിൽ കൂടുതലും.
