പാട്ന: ഒരു കുടുംബത്തിന് ഒരു സർക്കാർ ജോലി, സ്ത്രീകൾക്ക് 2,500 രൂപ അലവൻസ്, സൗജന്യ വൈദ്യുതി അടക്കം ജനപ്രിയ വാഗ്ദാനങ്ങളുമായി ബീഹാറിൽ മഹാസഖ്യത്തിന്റെ പ്രകടന പത്രിക. പുതിയ വഖഫ് ബോർഡ് നിയമം സംസ്ഥാനത്ത് നടപ്പാക്കില്ല, ജാതി സെൻസസ്, പഴയ പെൻഷൻ പദ്ധതി തിരിച്ചുകൊണ്ടുവരും. ക്രമസമാധാനം ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും “തേജസ്വി പ്രാൺ” (തേജസ്വിയുടെ പ്രതിജ്ഞ) എന്ന പേരിലിറക്കിയ പത്രികയിലുണ്ട്. പാട്നയിലെ ഹോട്ടലിൽ നടന്ന പ്രകാശന ചടങ്ങും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവിന് പ്രാമുഖ്യം നൽകിയായിരുന്നു. തൊഴിൽ, ക്ഷേമം, ഭരണ പരിഷ്കാരങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വാഗ്‌ദാനങ്ങളാണ് പത്രികയിലുള്ളത്. തേജസ്വി യാദവ് നേരത്തെ പ്രഖ്യാപിച്ച സർക്കാർ ജോലി, ജീവിക സ്വയം സഹായ ഗ്രൂപ്പുകൾക്ക് 30,000 രൂപ ശമ്പളത്തിൽ സ്ഥിരം ജോലി എന്നിവയും വാഗ്‌ദാനം ചെയ്യുന്നു. സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ ഒരു കുടുംബത്തിന് ഒരു ജോലി ഉറപ്പാക്കും. സർക്കാർ, സ്വകാര്യ മേഖലകളിൽ 5 വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിൽ കണ്ടെത്തും.
ഒരു പുതിയ ബീഹാർ ഉണ്ടാക്കലാണ് ലക്ഷ്യമെന്ന് തേജസ്വി യാദവ് പറഞ്ഞു.
സ്ത്രീകൾക്ക്
2,500 രൂപ
മയി-ബഹിൻ മാൻ യോജന പദ്ധതിയിൽ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ,
അഞ്ച് വർഷത്തേക്ക് പ്രതിവർഷം 30,000 രൂപ
കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തും
എല്ലാ വീടുകളിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും ദരിദ്ര കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകളും
അന്യസംസ്ഥാനത്തെ ബീഹാറുകാരെ സഹായിക്കാൻ ലേബർ സർവേ
കർഷകരുടെ കടങ്ങൾ എഴുതിതള്ളും, എല്ലാ വിളകൾക്കും മിനിമം താങ്ങുവില
ബിരുദം വരെ സൗജന്യ വിദ്യാഭ്യാസം
10 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ആരോഗ്യ ചികിത്സ
തൊഴിലിനും വിദ്യാഭ്യാസത്തിനും ഒ.ബി.സി, ഇ.ബി.സി, ദളിത് വിഭാഗങ്ങളിൽ സബ് ക്വോട്ട
ന്യൂനപക്ഷങ്ങൾക്കും വനിതകൾക്കും പ്രത്യേക പദ്ധതി.
സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാവം സംവരണം,
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്ക് അതിവേഗ കോടതികൾ.
25 ലക്ഷം രൂപ വരെ സൗജന്യ ആരോഗ്യ ഇൻഷ്വറൻസ്, വിധവകൾക്കും മുതിർന്ന പൗരന്മാർക്കും പ്രതിമാസം
1,500 രൂപ , വികലാംഗർക്ക് 3,000 രൂപ പെൻഷൻ
മത്സര പരീക്ഷകൾക്ക് ഫീസ് വേണ്ട. പരീക്ഷാ കേന്ദ്രങ്ങളിലേക്ക് സൗജന്യ യാത്ര.
ബോധ് ഗയയിലെ ബുദ്ധക്ഷേത്രങ്ങളുടെ നടത്തിപ്പ് ബുദ്ധമതക്കാർക്ക്
വിമുക്തഭടന്മാർക്കായി ക്ഷേമ കോർപ്പറേഷൻ
കള്ള്, മഹുവ തുടങ്ങിയ പരമ്പരാഗത തൊഴിലുകളെ മദ്യ നിരോധനത്തിന്റെ പരിധിയിൽ നിന്നൊഴിവാക്കും
ബിഹാറിൽ പ്രചാരണത്തിന് ചൂടേറും, രാഹുൽ-തേജസ്വി റാലി ഇന്ന്
പാട്ന: ഛഠ് പൂജയുടെ ആലസ്യത്തിൽ മന്ദഗതിയിലായ തിരഞ്ഞെടുപ്പ് പ്രചാരണം പാർട്ടികൾ ഇന്നു മുതൽ വേഗത്തിലാക്കും. പ്രകടന പത്രിക പ്രകാശനത്തിന് പിന്നാലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നടത്തുന്ന സംയുക്ത റാലിയോടെ മഹാസഖ്യവും നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലിയോടെ എൻ.ഡി.എയും പ്രചാരണം ഉഷാറാക്കും.
രാഹുൽ ഗാന്ധിയും തേജസ്വിയും ഇന്നുച്ചയ്ക്ക് 12:30ന് മുസാഫർപൂരിലെ സദ്പൂർ ബുസർഗിലുള്ള ശ്രീ കൃഷ്ണ റായ് ഗ്രൗണ്ടിലും , , 2.15ന് ദർബംഗ ലോവാം ഖേൽ മൈതാനത്തും റാലി നടത്തും. സെപ്തംബർ ഒന്നിന് അവസാനിച്ച വോട്ടർ അധികാർ യാത്രയ്ക്ക് ശേഷം ഇരുവരും ബിഹാറിൽ ഒന്നിക്കുന്നത് ഇന്നാണ്.
പ്രധാനമന്ത്രി മോദി നാളെ മുസാഫർപൂരിലും ഛപ്രയിലും റാലികളിലും തലസ്ഥാനമായ പാട്നയിൽ നവംബർ രണ്ടിന് റോഡ് ഷോയിലും പങ്കെടുക്കും. ഒക്ടോബർ 24നാണ് മോദി ആദ്യറാലി നടത്തിയത്. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബി.ജെ.പി മുഖ്യമന്ത്രിമാർ എന്നിവരും പ്രചാരണത്തിനെത്തും.
- നിതീഷിന്റെ കിളി പോയി, ജനത്തിന് മടുത്തു, മഹാസഖ്യം 150ൽ കൂടുതൽ നേടും
മുഖ്യമന്ത്രി നിതീഷ് കുമാറിന് പദവിയിൽ തുടരാൻ കഴിയാത്ത വിധം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ബീഹാറിൽ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന ജനദ്രോഹ ഭരണത്തിനോടുള്ള വെറുപ്പ് തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ആർ.ജെ.ഡി സംസ്ഥാന അദ്ധ്യക്ഷൻ മംഗനി ലാൽ മണ്ഡൽ. ആർ.ജെ.ഡി 100 സീറ്റിന് മുകളിലും മഹാസഖ്യം 150ന് മുകളിലും നേടി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുൻ എം.പിയായ മംഗനി ലാൽ കേരള കൗമുദിക്ക് അനുവദിച്ച അഭിമുഖത്തിൽ നിന്ന്:
? ലാലുവിന്റെ കാലത്തെ കാട്ടുഭരണം തിരിച്ചു വരരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം പറയുന്നത്
ക്രമസമാധാനം തകർന്ന, മാനഭംഗങ്ങൾ പതിവായ, അഴിമതി കൊടികുത്തി വാഴുന്ന, ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന, ഇപ്പോഴത്തെ ബിഹാറിലല്ലേ കാട്ടുഭരണം നടക്കുന്നത്. പണവും സ്വാധീനവുമുള്ളവന് വേണ്ടിയാണ് നിതീഷ് സർക്കാർ. മാനഭംഗ ഇരകൾക്ക് നീതി കിട്ടുന്നില്ല. എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്യില്ല. മദ്യ നിരോധനമുള്ള സംസ്ഥാനത്ത് വ്യാജ മദ്യ ലോബി പൊലീസിനെ നോക്കുകുത്തിയാക്കി എല്ലാം നിയന്ത്രിക്കുന്നു.
ദരിദ്ര പശ്‌ചാത്തലത്തിൽ നിന്നുവന്ന് മുഖ്യമന്ത്രിയായ ലാലു പ്രസാദ് യാദവിനോടുള്ള അസഹിഷ്‌ണുതയാണ് എൻ.ഡി.എയ്‌ക്ക്.
? നിതീഷ് കുമാറിനെ ജനം ഇഷ്‌ടപ്പെടുന്നില്ലേ
നിതീഷിന്റെ കിളി പോയ അവസ്ഥയാണ്. അടുത്തിടെ കായിക ചടങ്ങിനിടെ അദ്ദേഹം ദേശീയഗാനത്തെ അപമാനിച്ചത് പരിസരം മറന്നതുകൊണ്ടാണ്. ജെ.ഡി.യു നേതാക്കളായ ലല്ലൻ സിംഗ്, സഞ്ജയ് ഝാ, സമ്രാട്ട് ചൗധരി എന്നിവരാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ഇത് ജനങ്ങൾക്കറിയാം. ജയിച്ചാൽ നിതീഷിനെ ഒഴിവാക്കാനാണ് ബി.ജെ.പി നീക്കം.
? മഹാസഖ്യത്തിന്റെ സാദ്ധ്യതകൾ
ഭരണവിരുദ്ധ വികാരം ശക്തമാണ്. മാറ്റം ആഗ്രഹിക്കുന്ന ജനം തേജസ്വി യാദവിൽ ഭാവിമുഖ്യമന്ത്രിയെ കാണുന്നു. ആർ.ജെ.ഡി മത്സരിക്കുന്ന 143 സീറ്റിൽ നൂറിലധികം നേടും. സഖ്യകക്ഷികൾക്ക് 50ൽ കൂടുതൽ സീറ്റുകൾ ലഭിക്കും. കേവലഭൂരിപക്ഷമായ 122 മറികടന്ന് ഭരണം പിടിക്കും.
? പ്രശാന്ത് കിഷോറിന്റെ സാന്നിദ്ധ്യം
ബി.ജെ.പിക്ക് വേണ്ടിയാണിറങ്ങിയത്. ഒരു സ്വാധീനവും ചെലുത്തില്ല.
? എസ്.ഐ.ആറിന്റെ സ്വാധീനം
ഈ തിരഞ്ഞെടുപ്പിലെ മുഖ്യ വിഷയമാണ് എസ്.ഐ.ആർ. ബി.ജെ.പി നിർദ്ദേശ പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതപരമായും ഭരണഘടനാ വിരുദ്ധമായും നീങ്ങി. ബീഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന് പറയുന്ന അനധികൃത കുടിയേറ്റക്കാരായ ബംഗ്ളാദേശികളെ അവർ എങ്ങനെയാണ് കണ്ടെത്തിയത്. അടിസ്ഥാന തിരിച്ചറിയൽ രേഖകളൊന്നും അംഗീകരിക്കുന്നില്ല. പൗരത്വം നിഷേധിക്കുന്നു. സുപ്രീകോടതി ഇടപെട്ടില്ലായിരുന്നെങ്കിൽ സ്ഥതി രൂക്ഷമായേനെ.
