വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കും:കെ. ജയകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റും അംഗവും ചുമതലയേറ്റു

വിശ്വാസത്തിനോ ബോർഡിനെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾക്കോ കോട്ടമുണ്ടായെങ്കിൽ അതു തിരിച്ചു സ്ഥാപിക്കുകയും ആവർത്തിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയുമാണ് നിയുക്ത ബോർഡിന്റെ ലക്ഷ്യമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. കാലം കല്പിച്ച മുഹൂർത്തമാണിതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തശേഷം ജയകുമാർ പറഞ്ഞു.

മുൻ ബോർഡുകൾ നടത്തിയ പ്രവർത്തനങ്ങളുടെ തുടർച്ചയ്‌ക്കൊപ്പം സമൂലമായ മാറ്റമുണ്ടാക്കും. വിശ്വാസം വൃണപ്പെടാതിക്കാനുള്ള നടപടികളാണ് ബോർഡ് നടപ്പാക്കുക. വിശ്വാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥാപനമായി ദേവസ്വം ബോർഡിനെ മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭരണ രംഗത്തും സാമൂഹ്യ,സാംസ്‌കാരിക മേഖലയിലും തിളക്കമാർന്ന വ്യക്തിത്വത്തിന് ഉടമയാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാറെന്ന് ദേവസ്വം മന്ത്രി വി.എൻ. വാസവൻ അനുമോദന പ്രസംഗത്തിൽ പറഞ്ഞു. ചീഫ് സെക്രട്ടറിയായിരിക്കവേ അഡ്മിനിസ്‌ട്രേഷൻ മികച്ച രീതിയിൽ ചെയ്തയാളാണ്. ശബരിമല മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചതിനൊപ്പം ആഗോള അയ്യപ്പ സംഗമത്തിൽ വികസനം സംബന്ധിച്ച് പ്രധാന സെക്ഷൻ അവതരിപ്പിച്ചതും ജയകുമാറായിരുന്നു. ജയകുമാർ ദേവസ്വം ബോർഡിന്റെ നേതൃസ്ഥാനത്തേക്ക് വരുന്നത് പ്രതീക്ഷയുണ്ടാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ബോർഡ് അംഗമായി മുൻ മന്ത്രി കെ. രാജുവും ചുമതലയേറ്റു. ദേവസ്വം ബോർഡ് സെക്രട്ടറി പി.എൻ ഗണേശ്വരൻ പോറ്റി സത്യവാചകം ചൊല്ലിക്കൊടുത്തു. ദേവസ്വം ബോർഡ് അംഗം പി.ഡി.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി,രാമചന്ദ്രൻ കടന്നപ്പള്ളി,ജി.ആർ. അനിൽ തുടങ്ങിയവർ പങ്കെടുത്തു. ജയകുമാർ ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം മലയാളം സർവകലാശാല വൈസ് ചാൻസിലറുടെ ചുമതല വഹിച്ചിരുന്നു. നിലവിൽ ഐ.എം.ജി. ഡയറക്ടറാണ്. വനം,വന്യജീവി,മൃഗസംരക്ഷണം,ക്ഷീരവികസന വകുപ്പ് മന്ത്രിയായിരുന്ന കെ. രാജു,15 വർഷം എം.എൽ.എയുമായിരുന്നു.

ദേവസ്വം ബോർഡിന്റെ വിശ്വാസം വീണ്ടെടുക്കും :കെ.രാജു

ഒന്നാം പിണറായി സർക്കാരിൽ വിവാദങ്ങളില്ലാതെ വനം വകുപ്പിന് നേതൃത്വം നൽകിയ മന്ത്രിയാണ് കെ. രാജു. പുനലൂരിൽ നിന്ന് മൂന്നു തവണ നിയമസഭാംഗമായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി ഇന്നലെ അധികാരമേറ്റു. അപ്രതീക്ഷിതമായാണ് ഈ നിയോഗമെങ്കിലും പൊതുപ്രവർത്തന രംഗത്ത് ദീർഘനാളായി നിൽക്കുന്നതിനാൽ ദേവസ്വം ബോർഡ് ഭരണ നിർവഹണത്തിന് കാര്യമായി ഇടപെടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കേരളകൗമുദിയുമായോട് പറഞ്ഞു.


?വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യം

ദേവസ്വം ബോർഡിനെക്കുറിച്ച് ഭക്തർക്കിടയിലുണ്ടായ അപമതിപ്പ് മാറ്റിയെടുക്കാനാണ് ഞങ്ങളെ നിയോഗിച്ചിരിക്കുന്നത്. വിശ്വാസികൾക്കിടയിൽ ബോർഡിനെക്കുറിച്ച് മതിപ്പും വിശ്വാസവും വീണ്ടെടുക്കും. യഥാർത്ഥ വിശ്വാസിക്ക് ഭഗവാന്റെ വക ഒന്നും കട്ടെടുക്കാനാകില്ല.

?മണ്ഡല കാലമെത്തി

മണ്ഡല കാലത്ത് തീർത്ഥാടകർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങൾ കഴിഞ്ഞ ബോർഡിൽ തീരുമാനിച്ചിട്ടുണ്ട്. എന്തെങ്കിലും കുറവുണ്ടെങ്കിൽ പരിശോധിക്കാൻ ഇന്ന് ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും ഞാനും സന്നിധാനത്തെത്തും.

?വിശ്വാസിയാണോ

വിശ്വാസി തന്നെ. ഓരോ വർഷവും ശബരിമലയിലെ ഒരുക്കങ്ങൾ പരിശോധിക്കാൻ ദേവസ്വം മന്ത്രിയും വനം മന്ത്രിയുമായി സന്നിധാനത്തെത്തി തീരുമാനങ്ങളെടുക്കാറുണ്ട്. മന്ത്രിയായിരുന്നപ്പോൾ മൂന്നു തവണ പോയിട്ടുണ്ട്.


?റോപ്‌വേയുടെ കാര്യം

ഈ ബോർഡിന്റെ കാലാവധിക്കുള്ളിൽ റോപ് വേ പ്രവർത്തികമാക്കാൻ ശ്രമിക്കും. പദ്ധതിക്ക് പരിസ്ഥിതി അഘാത പഠനത്തിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. പദ്ധതിയുമായി മുന്നോട്ടുപോകും.


?മുൻ ചീഫ് സെക്രട്ടറിക്കൊപ്പം മുൻ മന്ത്രി

ഞാൻ മന്ത്രിയിരുന്നപ്പോൾ കെ. ജയകുമാർ ചീഫ് സെക്രട്ടറിയായിരുന്നു. പരിണിത പ്രജ്ഞനും സത്യസന്ധനുമായ ഉദ്യോഗസ്ഥനാണ്. ശബരിമല മാസ്റ്റർപ്ലാൻ തയ്യാറാക്കുന്ന കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അറിവുള്ള അദ്ദേഹമാണ് ചെയർമാനെന്നത് എനിക്ക് ബലമാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top