ശബരിമല സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും

ശബരിമലയിലെ സ്വർണക്കൊള്ളയുടെ വ്യാപ്തി കണ്ടെത്താൻ ദ്വാരപാലക ശിൽപ്പങ്ങളിലെ അടക്കം സ്വർണപ്പാളികൾ ഇളക്കി പരിശോധിക്കും. ഇതിന് പ്രത്യേക അന്വേഷണ സംഘത്തിന് ദേവസ്വം ബോർഡ് അനുമതി നൽകി. പാളികളിലെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. തിങ്കളാഴ്ചയായിരിക്കും പരിശോധന. ശാസ്ത്രീയ പരിശോധന നടത്താൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നിലവിൽ ദ്വാരപാലക ശിൽപ്പങ്ങളിലെയും ശ്രീകോവിലിലെ കട്ടിളയിലെയും സ്വർണം കവർന്നത് രണ്ട് കേസുകളായാണ് അന്വേഷിക്കുന്നത്. ശ്രീകോവിൽ വാതിലിലെ സ്വർണവും കവർന്നതായി എസ്.ഐ.ടി സംശയിക്കുന്നുണ്ട്. സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​ ​ക​ട്ടി​ള​പ്പാ​ളി​ക്ക് 42.100​ ​കി​ലോ​ ​ഭാ​ര​മു​ണ്ടാ​യി​രു​ന്നു.​ ​സ്മാ​ർ​ട്ട് ​ക്രി​യേ​ഷ​ൻ​സി​ലെ​ത്തി​ച്ച് ​ഇ​തി​ൽ​ ​നി​ന്ന് 409​ ​ഗ്രാം​ ​സ്വ​ർ​ണം​ ​വേ​ർ​തി​രി​ച്ചെന്നാണ് ഇതുവരെയുള്ള വിവരം. എന്നാൽ പഴയ പാളികൾക്ക് പകരമായി പുതിയത് ചെമ്പിൽ നിർമ്മിച്ച് സ്വർണം പൂശിയതാണോയെന്നും എസ്.ഐ.ടി സംശയിക്കുന്നു. വിവിധയിടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തുന്നതോടെ നഷ്ടമായ സ്വർണത്തിന്റെ യഥാർത്ഥ കണക്ക് വെളിപ്പെടും.

അതേസമയം, എസ്.ഐ.ടിയുടെ നോട്ടീസ് ലഭിച്ച ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെയും അറസ്റ്റ് ചെയ്യുമെന്നറിയുന്നു. 2019ലെ ബോർഡ് മിനിട്ട്സുകൾ പത്മകുമാറിന് കുരുക്കാണെന്നാണ് എസ്.ഐ.ടി പറയുന്നത്. അന്നത്തെ ബോർഡ് അംഗങ്ങളും അറസ്റ്റിന്റെ നിഴലിലാണ്. സ്വർണം ചെമ്പാക്കി പോറ്റിക്ക് കൈമാറാനുള്ള തീരുമാനത്തിൽ ഇവരെല്ലാം ഒപ്പുവച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ചോദ്യം ചെയ്യലിനെത്തിയില്ലെങ്കിൽ പത്മകുമാറിനെ കസ്റ്റഡിയിലെടുക്കാനും നീക്കമുണ്ട്. ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയെ അറസ്റ്റ് ചെയ്യുന്നത് ചൊവ്വാഴ്ച വരെ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്.

വിശ്വാസ സ്വാതന്ത്ര്യത്തിന് അതിരുണ്ട്: ഹൈക്കോടതി കാനനപാത നേരത്തെ തുറക്കണമെന്ന ഹർജി തള്ളി

ഭരണഘടന നൽകുന്ന വിശ്വാസ സ്വാതന്ത്ര്യത്തിന് അതിർവരമ്പുണ്ടെന്ന് ഹൈക്കോടതി നിരീക്ഷണം. പൊതുജീവിതത്തെയും ധാർമ്മികതയെയും പൊതുജനാരോഗ്യത്തെയും ബാധിക്കാത്തവിധമാകണം ആ സ്വാതന്ത്ര്യം വിനിയോഗിക്കേണ്ടതെന്നും ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വംബെഞ്ച് വ്യക്തമാക്കി.

ശബരിമല നട തുറക്കുന്നതിനുമുമ്പേ, എരുമേലിയിൽ നിന്നുള്ള കാനനപാത തുറന്നുനൽകാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ താമസിക്കുന്ന വി.ശ്യാംമോഹൻ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

ഹർജിയിലെ ആവശ്യം തന്റെ ആരാധനാസ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്ന ഹർജിക്കാരന്റെ വാദം കോടതി അംഗീകരിച്ചില്ല. തത്വമസിയാണ് (അത് നീയാകുന്നു) ശബരിമലയുടെ സന്ദേശം. മനുഷ്യനും പ്രകൃതിയും ആത്മീയതയും തമ്മിലുള്ള സഹവർത്തിത്വത്തിനാണ് ഇതെല്ലാം ഊന്നൽ നൽകുന്നത്. അതിനാൽ പെരിയാർ കടുവ സങ്കേതത്തിന്റെയും കാനനപാതയുടെയും പവിത്രതസംരക്ഷിക്കേണ്ടതും സന്നിധാനത്ത് കുറിച്ചിരിക്കുന്ന തത്വമസിയുടെ സന്ദേശത്തോട് ചേർന്നു നിൽക്കുന്നതാണെന്ന് കോടതി പറ‌ഞ്ഞു.

നടതുറക്കുന്ന 17ന് ദർശനത്തിന് ചീട്ടെടുത്തതിനാൽ 15 മുതൽ കാനനപാത തുറക്കാൻ നിർദ്ദേശിക്കണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. 17നേ തുറക്കൂവെന്ന് ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. അതേസമയം, കാനനപാതയിലൂടെയുള്ള തീർത്ഥാടനത്തിൽ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിർദ്ദേശങ്ങളും കോടതി നൽകി.

കണക്ക് പ്രസിദ്ധീകരിക്കണം

 കാനനപാതയിലൂടെ കടത്തിവിടുന്ന പരമാവധി ആളുകളുടെ എണ്ണവും മണിക്കൂർ കണക്കും മണ്ഡല സീസണ് മുമ്പ് പ്രസിദ്ധീകരിക്കണം. മോശം കാലാവസ്ഥയും അടിയന്തര സാഹചര്യങ്ങളും കണക്കിലെടുത്തുള്ള നിയന്ത്രണങ്ങളും അറിയിക്കണം

 തിരക്ക് കൂടുമ്പോൾ സ്വീകരിക്കുന്ന താത്കാലിക വിലക്കുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകണം

 ബന്ധപ്പെട്ട വകുപ്പുകളെ ബന്ധപ്പെടുത്തി തത്സമയ കൺട്രോൾ റൂം ഒരുക്കണം

 തീരുമാനങ്ങളും മുന്നറിയിപ്പുകളും വെർച്വൽ ക്യൂ പ്ലാറ്റ്ഫോമും അയ്യൻ ആപ്പുമടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ യഥാസമയം നൽകണം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top